ടോക്കിയൊ – ഒളിംപിക്സിന് എത്തുന്ന ഇന്റര്‍നാഷനല്‍ അത്ലറ്റുകള്‍ക്ക് മത്സരത്തിന് പുറമെ ആകെ അനുഭവിക്കാനാവുക ഒളിംപിക് ഗ്രാമം മാത്രം. മറ്റെവിടേക്കും അവര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ല. ഗ്രാമത്തില്‍ തന്നെ സാധാരണ പോലെ ആസ്വദിച്ചു നടക്കാനാവില്ല. മത്സരത്തിന് അഞ്ചു ദിവസം മുമ്പ് മാത്രമേ എത്താവൂ, മത്സരം കഴിഞ്ഞ് 48 മണിക്കൂറിനകം സ്ഥലം വിടണം.
ടോക്കിയോയില്‍ 4.40 ന് സൂര്യനുദിക്കുമെങ്കിലും അത്ലറ്റുകളുടെ മുറിയിലെല്ലാം തടിച്ച കര്ട്ടനുകളുണ്ടാവും. വേണമെങ്കില്‍ സുഖമായുറങ്ങാം. പക്ഷെ ജപ്പാനിലെ പതിവനുസരിച്ച് കൊച്ചുമുറികളാണ്. സിംഗിള്‍ റൂമാണെങ്കില്‍ ഒമ്പത് ചതുരശ്ര മീറ്റര്‍. ഡബഌണെങ്കില് 12 ചതുരശ്ര മീറ്റര്‍. കട്ടിലും, ഡബ്ള്‍ റൂമിനെ വേര്‍തിരിക്കുന്ന മതിലും കാര്‍ഡ്ബോര്‍ഡ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ദിവസവും കൊറോണ പരിശോധനയുണ്ടാവും. പോസിറ്റിവാണെങ്കില്‍ മിക്കവാറും മത്സരിക്കാനാവില്ല. ഐസൊലേഷനിലോ ആശുപത്രിയിലേക്കോ മാറ്റും. ഉറങ്ങുമ്പോഴും തിന്നുമ്പോഴുമൊഴികെ മാസ്ക് നിര്‍ബന്ധം. കഫെറ്റീരിയകളില്‍ തിരക്കുണ്ടോയെന്ന് ആപ്പില്‍ പരിശോധിക്കാം. കൂട്ടമായിരുന്ന് തിന്നാന്‍ അനുവാദമില്ല. ഓരോ സീറ്റിനും പ്രത്യേക പ്ലെക്സിഗ്ലാസ് മറയുണ്ട്.
ജിംനേഷ്യത്തില്‍ വിയര്‍ക്കുമ്പോള്‍ പോലും മാസ്കുകള്‍ നിര്‍ബന്ധമാണ്. ഉപകരണങ്ങള്‍ നിരന്തരം ഡിസിന്‍ഫെക്ട് ചെയ്യും. എന്നാലും ഉപയോഗിക്കുന്നതിന് മുമ്പ് ഡിസിന്‍ഫെക്ട് ചെയ്യുന്നത് നല്ലതാണെന്നാണ് അത്ലറ്റുകള്‍ക്ക് നല്കുന്ന നിര്‍ദേശം.
പൊതുവാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഗ്രാമത്തിന് പുറത്തിറങ്ങി നടക്കരുത്. വേദികളിലേക്ക് പ്രത്യേകം ബസുകളുണ്ട്. ഗ്രാമത്തില്‍ 24 മണിക്കൂറും സഞ്ചരിക്കുന്ന 17 സെല്‍ഫ് ഡ്രൈവിംഗ് ഷട്ടിലുകളുമുണ്ട്. ഗ്രാമത്തില്‍ ആസ്വാദനത്തിന് സൗകര്യമുണ്ട്, വാട്ടര്‍സൈഡ് പാര്‍ക്കുമുണ്ട്. കൂട്ടമായോ പൊതുസ്ഥലത്തോ മദ്യപിക്കാന്‍ പാടില്ല. ഏതെങ്കിലും ചട്ടം ലംഘിച്ചാല്‍ ഒളിംപിക്സില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെ ശിക്ഷ ലഭിക്കും. കുടുംബത്തെ കൊണ്ടുവരാന്‍ അത്ലറ്റുകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ചാറ്റിംഗിന് ഫ്രീ വൈഫൈ ലഭ്യമാണ്.