ജനന നിയന്ത്രണ നിയമം: യുപിയില്‍ 50 % ബിജെപി എംഎല്‍എമാര്‍ക്കും രണ്ടിലേറെ കുട്ടികള്‍

ലഖ്‌നോ: ജനന നിയന്ത്രണ നിയമം പാസ്സാക്കാനൊരുങ്ങുന്ന യുപി നിയമസഭയിലെ 50 ശതമാനത്തിലധികം എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ മക്കള്‍. ബിജെപി എംഎല്‍എമാരില്‍ പകുതി പേര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. യുപി നിയമസഭയിലെ വെബ്‌സൈറ്റില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച സ്‌ക്രോള്‍.ഇന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

യുപി, അസം, കര്‍ണാടക ബിജെപി ഘടകങ്ങളാണ് ജനനനിയന്ത്രണ നിയമവുമായി മുന്നോട്ട് പോകുന്നത്. പാര്‍മെന്റില്‍ ചില അംഗങ്ങള്‍ സ്വകാര്യ ബില്ലായി സമാനമായ നിയമം അവതരിപ്പിക്കാനൊരുങ്ങുന്നുണ്ടെന്നും വിവരമുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍തന്നെ അത് അവതരിപ്പിക്കാനും ഇടയുണ്ട്.

ഇക്കാര്യത്തില്‍ യുപിയാണ് സമൂര്‍ത്തമായ നീക്കം നടത്തിയിട്ടുളളത്. ഉത്തര്‍പ്രദേശ് പോപുലേഷന്‍ (കണ്‍ട്രോള്‍, സ്‌റ്റെബിലൈസേഷന്‍ ആന്റ് വെല്‍ഫെയര്‍) ബില്ല്, 2021 എന്ന പേരില്‍ കരട് നിയമം യുപി നിയമകമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഈ നിയമമനുസരിച്ച്‌ സര്‍ക്കാര്‍ ജോലി, സ്ഥാനക്കയറ്റം, സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം എന്നിവ ലഭിക്കില്ല. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കും ഉണ്ടാവും.

അതേസമയം നിയമം പാസ്സാക്കാനൊരുങ്ങുന്ന സഭയിലെ ബിജെപി അംഗങ്ങളില്‍ പലര്‍ക്കും മൂന്നു കുട്ടികളോ അതിലധികമോ മക്കളുണ്ട്. 23 മന്ത്രിമാരില്‍ 10 പേര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. യുപി നിയമസഭയിലെ 27 ശതമാനം എംഎല്‍എമാര്‍ക്കും മൂന്ന് മക്കളുണ്ട്. 32 ശതമാനം പേര്‍ക്ക് രണ്ട് മക്കള്‍, 9 ശതമാനം പേര്‍ക്ക് ഒന്ന്.

എന്നാല്‍ ഇപ്പോള്‍ നിലവില്‍ വരുന്ന ഈ നിയമം എംഎല്‍എമാരെയോ എംപിമാരെയോ ബാധിക്കില്ല. കാരണം നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനെ ഈ നിയമം തടസ്സം നില്‍ക്കുന്നില്ല.

അതേസമയം നിയമം തയ്യാറാക്കിയത് തങ്ങളുടെ വകുപ്പല്ലെന്ന നിലപാടിലാണ് യുപി ആരോഗ്യമന്ത്രി. അത് നിയമ കമ്മീഷനാണെന്നാണ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് പറയുന്നത്.

വെബ്‌സൈറ്റില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ ഇങ്ങനെ: 403 സീറ്റില്‍ 396 പേരുടെ വിവരങ്ങള്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അത് പ്രകാരം 52 ശതമാനം അംഗങ്ങള്‍ക്കും രണ്ടില്‍ കൂടുതല്‍ മക്കളുണ്ട്.

ബിജെപി 304 സീറ്റില്‍ വിജയിച്ചു. അതില്‍ 50 ശതമാനം പേര്‍ക്കും രണ്ടില്‍ കൂടുതല്‍ മക്കളുണ്ട്. സമാജ് വാദി പാര്‍ട്ടിയിലെ 49 എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്, അത് ഏകദേശം 55 ശതമാനം വരും.

ചില എംഎല്‍എമാര്‍ക്ക് നാലില്‍ കൂടുതല്‍ മക്കളുണ്ട്. ബിജെപിയിലെ റോഹന്‍ലാല്‍ വര്‍മ, അപ്‌ന ദളിലെ ഹരി രാം എന്നിവര്‍ക്ക് 8 മക്കളുണ്ട്. ബിജെപിയിലെ മധുരൈ വര്‍മക്കും എസ്പിയിലെ റഫിഖ് അന്‍സാരിക്കും 7 മക്കള്‍.

എക്‌സൈസ് മന്ത്രിയായ രാം നരേശ് അഗ്നിഹോത്രി ഉള്‍പ്പെടെ 8 ബിജെപി എംഎല്‍എമാര്‍ക്കും ആറ് മക്കള്‍ വച്ചുണ്ട്. സമാജ് വാദി പാര്‍ട്ടിയിലെയും ബിഎസ്പിയിലെയും നിഷാദ് പാര്‍ട്ടിയിലെയും ഓരോ എംഎല്‍എക്കും ആറ് കുട്ടികള്‍ വീതമുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി എംഎല്‍എ സുരേഷ് ഖന്നയും വിവാഹം കഴിച്ചിട്ടില്ല. പ്രത്യുല്‍പ്പാദന നിരക്ക് 2030 ആവുമ്പോഴേക്കും 2.7ല്‍ നിന്ന് 1.7 ആക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

spot_img

Related Articles

Latest news