മലബാറിലെ 25 ശതമാനം കുട്ടികൾക്കും പ്ലസ് വണ്‍ സീറ്റുകളില്ല

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ അവഗണ തുടരുന്ന മലബാറില്‍ ഇത്തവണ എസ്.എസ്.എല്‍.സി പാസായ 25 ശതമാനത്തോളം കുട്ടികള്‍ പ്ലസ് വണ്‍ പഠന പരിധിക്കു പുറത്താവും. മലബാറില്‍ 223,788 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായി പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ 57,073 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് ലഭിക്കില്ല. ഇവര്‍ക്ക് സ്വകാര്യ സെല്‍ഫ് ഫൈനാന്‍സിങ് സ്ഥാപനങ്ങളില്‍ പണം മുടക്കി ഉപരിപഠനസാധ്യത കണ്ടെത്തേണ്ടി വരും.

തെക്കന്‍ ജില്ലകളില്‍ അധിക സീറ്റ് ഉള്ളപ്പോഴാണ് മലബാറിലെ വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ദുരിതത്തിലാവുന്നത്. വി. എച്ച്‌. എസ്. ഇ, പോളി ടെക്നിക് കോഴ്സുകള്‍ ഇതിന് പുറമേ ഉണ്ടെങ്കിലും ഈ സീറ്റുകളിലേക്ക് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്നാട് ബോര്‍ഡ് എക്സാം എന്നിവ പാസായി വരുന്ന കുട്ടികളും ഉണ്ടാവും. ഇതോടെ മലബാര്‍ മേഖലിയില്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഇനിയും വര്‍ധിക്കും.

മലബാര്‍ മേഖലയില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് കുറവുള്ളത്. ഇവിടെ 30 ശതമാനം സീറ്റുകളുടെ കുറവ് ഉണ്ടാകും. 75554 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായപ്പോള്‍ 53225 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്. 22329 കുട്ടികളാണ് മലപ്പുറത്ത് പഠന അവസരം ലഭിക്കാതെ പുറത്താവുക.

പാലക്കാട് ജില്ലയില്‍ 27 ശതമാനം കുട്ടികളാണ് പ്ലസ് വണ്‍ സീറ്റ് കിട്ടാതെ പുറത്താകുക. 28267 സീറ്റുകളുള്ള ജില്ലയില്‍ 38518 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 24 ശതമാനം സീറ്റുകളുടെ കുറവാണുള്ളത്. 11518 കുട്ടികള്‍ പ്ലസ് വണ്‍ യോഗ്യത നേടിയ ജില്ലയില്‍ 8706 സീറ്റുകളേ ഉള്ളൂ.

കോഴിക്കോട് ജില്ലയില്‍ 22 ശതമാനം കുട്ടികള്‍ പ്ലവണ്‍ സീറ്റ് ലഭിക്കില്ല. 44430 കുട്ടികള്‍ എസ്.എസ്.എല്‍.സി പായ് ജില്ലയില്‍ 34472 സീറ്റുകളാണുള്ളത്. കാസര്‍കോട് ജില്ലയില്‍ 26 ശതമാനം കുട്ടികള്‍ പ്ലസ് വണ്‍ പരിധിക്ക് പുറത്തു നില്‍ക്കേണ്ടി വരും. 19287 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസായ ജില്ലയില്‍ 5009 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല.

34481 കുട്ടികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ കണ്ണൂര്‍ ജില്ലയില്‍ 6714 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാവും. 19 ശതമാനം കുട്ടികളാണ് ഇവിടെ പുറത്താകുക.

അതേ സമയം തിരുവനന്തവുരം, കൊല്ലം ഒഴികെയുള്ള തെക്കന്‍ ജില്ലകളിലെല്ലാം സീറ്റ് അധികമാണ്. പത്തനംതിട്ട ജില്ലയില്‍ 43 ശതമാനം സീറ്റ് കൂടുതലാണ്. 10341 കുട്ടികള്‍ പ്ലസ് വണ്‍ യോഗ്യത നേടിയ ജില്ലയില്‍ 14781 സീറ്റുകളുണ്ട്. 4440 സീറ്റ് അധികം. കോട്ടയത്ത് 13 ശതമാനം സീറ്റ് അധികമുണ്ട്. 19636 പേരാണ് എസ്.എസ്.എല്‍ സി പാസായത്. 22208 പ്ലസ് വണ്‍ സീറ്റുകളും ഉണ്ട്. ഇടുക്കിയില്‍ ആറും എറണാകുളത്ത് മൂന്നും ശതമാനം സീറ്റ് അധികമുണ്ടാവും.

അതേ സമയം തൃശൂരും തിരുവനന്തപുരത്തും ഏഴും കൊല്ലം ജില്ലയില്‍ 13ഉം ശതമാനം സീറ്റ് കുറവാണ്. മലബാറിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാന്‍ കൂടുതല്‍ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കണമെന്ന് അധ്യാപക സംഘടനകളും വിദ്യാര്‍ഥി, സമുദായ സംഘടനകളും ആവശ്യപ്പെടുന്നു.

spot_img

Related Articles

Latest news