കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കും. സി. മുഹമ്മദ് ഫൈസി ചെയര്‍മാനായ 15 അംഗ കമ്മിറ്റി 2018 ആഗസ്റ്റിലാണ് നിലവില്‍ വന്നത്. മൂന്നു വര്‍ഷമാണ് കാലാവധി. ചെറിയ മാറ്റങ്ങളോടെ ഇതേ കമ്മിറ്റി തന്നെ തുടരാനാണ് സാധ്യത.
പി.വി. അബ്ദുല്‍ വഹാബ് എം.പി, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, എല്‍. സുലൈഖ, പി. അബ്ദുറഹ്മാന്, മുസ്ല്യാര്‍ സജീര്‍, ഡോ. ബഹാഉദ്ദീന്‍ നദ്വി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എം.എസ്. അനസ്, മുഹമ്മദ് കാസിം കോയ, മുസമ്മില്‍ ഹാജി, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, പി.കെ. അഹമ്മദ്, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കാലാവധി അവസാനിച്ച ജനപ്രതിനിധികളായ പി. അബ്ദുറഹ്മാന്, സുലൈഖ, മുസ്ലിയാര് സജീര്‍ എന്നിവര്‍ക്ക് പകരം ജനുവരിയില്‍ കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് ഷിഹാബുദ്ദീന്, വളാഞ്ചേരി കൗണ്‍സിലര്‍ എസ്. സാജിത, നീലേശ്വരം കൗണ്‍സിലര്‍ ഷംസുദ്ദീന് അരിഞ്ചിര എന്നിവരെ ഉള്‍പ്പെടുത്തി.
പി.കെ. അഹമ്മദിനെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തിരുന്നു. മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍.