റിയാദ് : തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ നീണ്ട 5 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച കശ്മീർ സ്വദേശി ഗഫൂർ ഹുസ്സയിൻ ഒടുവിൽ നാടണഞ്ഞു. സഹതടവുകാരനായ പഞ്ചാബ് സ്വദേശി ദർശൻസിംഗിന്റെ അഭ്യർത്ഥന മാനിച്ച് പ്ലീസ് ഇന്ത്യ ചെയർമാൻ ലെത്തീഫ് തെച്ചിയുടെ ശ്രമമാണ് ഒടുവിൽ വിജയം കണ്ടത്.
കമ്പനിയുമായും കഫീലുമായുമുള്ള ജയിൽ മോചന ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഒടുവിൽ കോടതിയെ സമീപിക്കുകയായിരുന്നു. 2015 ഒക്ടോബർ മാസത്തിൽ കേസിൽ അകപ്പെട്ട് ജയിലിലായി. അൽഹായിർ ജയിലിൽ പോകും മുൻപ് റിയാദിലെ എക്സിറ്റ് എട്ടിലെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുമായിരുന്നു.
റിയാദ് ശിഫക്കടുത്ത് ജോലി ചെയ്തു വരികയിരുന്ന ഇസ്തിറാഹയിൽ സ്വന്തം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ഒര് പാകിസ്ഥാൻ സ്വദേശി കൊണ്ട് വന്ന ഒര് കാർ മോഷണം പോയതായിരുന്നുവത്രെ . കാർ നിയമപാലകർ കണ്ടെത്തിയതോടെയാണ് ഗഫൂർ ഹുസൈനും പാകിസ്ഥാനിയും പോലീസ് പിടിയിലായതും കേസിലകപ്പെട്ടു ജയിലാകുകയും ചെയ്തത്.
2010 ൽ ഒരു ലക്ഷം രൂപ വിസയ്ക്ക് നൽകി ഏജന്റ് മുഖേന സൗദിയിൽ എത്തിയ ഗഫൂർ ഹുസൈൻ 5 വർഷം ജോലി ചെയ്തു വന്നത് തുമാമയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ ആയിരുന്നു.10 വർഷത്തിനിടയിൽ 7 വർഷം മുൻപ് ഒരിക്കൽ മാത്രമേ നാട്ടിൽ ലീവിന് പോയിട്ടുള്ളൂ. പിന്നീട് തിരിച്ചെത്തിയ ശേഷം കേസിൽ അകപ്പെടുകയും നിരപരാധിത്വം തെളിയിക്കാനാവാതെ അൽ-ഹായിൽ ജയിലിൽ അകപ്പെടുകയും ചെയ്തു.
ജമ്മു കശ്മീരിലെ റജൂറി ജില്ലയിലെ ധനൂഫ് പ്രദേശ വാസിയാണ് 43 കാരനായ ഈ ചെറുപ്പക്കാരൻ.കളവ് പോയ കാർ അന്വേഷിച്ചെത്തിയ പോലീസ് ഒടുവിൽ ഇസ്തിറാഹയിൽ നിന്നും കാർ കണ്ടെത്തിയതോടെയാണ് ഇവർ രണ്ട് പേരും കേസിൽ കുടുങ്ങി ജയിലിൽ അടയ്ക്കപ്പെട്ടത്. കോടതി വിധിയും സാഹചര്യ തെളിവുകളും തനിയ്ക്ക് എതിരായതിനാൽ നിരപരാധിത്വം തെളിയിക്കാനാവാതെ കേസിൽ അകപ്പെട്ട് ജയിലിലായി.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും വിവരമറിഞ്ഞാണ് പ്ലീസ് ഇന്ത്യ പ്രവർത്തകർ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം തുടങ്ങിയത്. ജയിലിൽ നിന്ന് പുറത്തെത്തിയെങ്കിലും യാത്രാവിലക്ക് ഉള്ളതിനാൽ മടക്കയാത്ര മുടങ്ങി. ഒടുവിൽ പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പ്ലീസ് ഇന്ത്യ നൽകിയ സഘടനയുടെ മടക്കയാത്രക്കുള്ള ടിക്കറ്റും മറ്റ് യാത്രാരേഖകളും ചെയർമാൻ ലത്തീഫ് തെച്ചി നൽകി. അൽ ഹംറ പോലീസ് സ്റ്റേഷൻ അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും ലഭ്യമാക്കി. ഈ വർഷത്തെ ബലിപെരുന്നാൾ കുടുംബത്തോടൊപ്പം കൂടണം എന്ന ആഗ്രഹം യാഥാർഥ്യമാക്കി കഴിഞ്ഞ ദിവസം യാത്രയായി.
പിതാവും മാതാവും ഭാര്യ തസ്ഫീറയും ഇഫ്‌റാസ്, ഇഷ്‌റാഖ് എന്നീ 2 ആൺകുട്ടികളും കൗസർ എന്ന പെൺകുട്ടിയും ഉണ്ട്. ജയിൽമോചിതനായ ശേഷം പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ തണലിൽ കഴിഞ്ഞുവരികയായിരുന്നു.
ലത്തീഫ് തെച്ചിയോടൊപ്പം അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്, സുനീർ മണ്ണാർക്കാട്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസ്സ മാസ്റ്റർ, റബീഷ് കോക്കല്ലൂർ, സജീവ് ബദറുദ്ദീൻ, സുധീഷ അഞ്ചുതെങ്ങ്, അബൂബക്കർ മാസ്റ്റർ, രാഗേഷ് മണ്ണാർക്കാട്, റിനോയ് വയനാട് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു.
ഇന്ത്യക്കാരായ മറ്റ് രണ്ട് തടവുകാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. കേരളത്തിൽ ഇവരുടെ കുടുംബങ്ങൾ സഹായം തേടി പ്ലീസ് ഇന്ത്യയെ സമീപിച്ചിരിക്കയാണ്. സുധീഷ അഞ്ചുതെങ്ങിൻ്റെ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലയം, എംബസി എന്നിവിടങ്ങളിൽ സഹായ അഭ്യർത്ഥന എത്തിച്ചിട്ടുണ്ട്.