മുഴുവൻ മനുഷ്യരോടും നന്മ ചെയ്യുക- ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ്

മക്ക- ലോകത്തുള്ള മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യണമെന്ന് അറഫ പ്രസംഗത്തിൽ ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ആഹ്വാനം ചെയ്തു. അറഫ ഖുതുബയിൽ ലോകത്തോടും മനുഷ്യരോടും സകല ജീവജാലങ്ങളോടും നന്മ ചെയ്യണമെന്ന ഉപദേശമാണ് ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തത്.
നന്മ ചെയ്യുന്നവരോടൊപ്പമാണ് അല്ലാഹു. ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ച് ക്ഷമയോടെ ജീവിച്ചാൽ അ്‌ലാഹു അവരെ കൈവിടില്ല. എല്ലാവരോടും നന്മ ചെയ്യാൻ അല്ലാഹു കൽപ്പിക്കുന്നു. നമസ്‌കാരം തുടങ്ങിയ കർമ്മങ്ങളിൽ നിഷ്ട പുലർത്തണം. സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലർത്തണം. ഹജിലും നോമ്പിലും സൂക്ഷ്മത പാലിക്കണം. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന്റെ കാര്യത്തിൽ നാം നന്ദി കാണിക്കണം. പ്രപഞ്ചത്തെ മുഴുവൻ അല്ലാഹു നമുക്ക് കീഴ്‌പ്പെടുത്തി തന്നിട്ടുണ്ട്. അല്ലാഹുവിനെ മറന്ന് ഈ ഭൂമിയിൽ നാം ജീവിച്ചുകൂട. ഏറ്റവും നല്ല സൃഷ്ടിപ്പ് നൽകിയ അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹുവിനോട് സദാസമയവും നന്ദിയുള്ളവരാകുക. മനുഷ്യർക്ക് നൽകി ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആൻ ഇറക്കി തന്നത്. ബന്ധുക്കളോടും നന്മ പുലർത്തണം. അയൽപ്പക്കക്കാരോട് നന്മ ചെയ്യേണ്ടതുണ്ട്. അയൽവാസികളോടും ബന്ധുക്കളോടും നല്ല ബന്ധം പുലർത്തിയാണ് നന്മ ചെയ്യേണ്ടത്. സമൂഹത്തിനും രാജ്യത്തിനും ഉപദ്രവം ചെയ്യുന്ന പ്രവർത്തനങ്ങളുണ്ടാകരുത്. ഭാര്യമാരോട് നന്മ ചെയ്യുക. ഭാര്യയിൽനിന്ന് ഇഷ്ടമില്ലാത്തത് കണ്ടാൽ അവരെ ഉപദേശിക്കുക. ഭാര്യമാരെ കഷ്ടപ്പെടുത്താൻ പാടില്ല. മനുഷ്യബന്ധങ്ങളിൽ അങ്ങേയറ്റം നന്മ ചെയ്യാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കീഴിലുള്ള തൊഴിലാളികളോട് മാന്യമായി പെരുമാറുക. എല്ലാ തരത്തിലുള്ള കരാറുകളും പാലിക്കുക. എല്ലാ തരത്തിലുള്ള കടമകളും കടപ്പാടും നിർവഹിക്കുക. നിങ്ങളുടെ കീഴിലുള്ള തൊഴിലാളികളാണെങ്കിലും അവർ നിങ്ങളുടെ സഹോദരങ്ങളാണ്. താങ്ങാനാകാത്ത ജോലി ഏൽപ്പിച്ചുകൊടുക്കുമ്പോഴും അവരെ സഹായിക്കുക. ഓരോ മനുഷ്യന്റെയും മാതൃരാജ്യം വിശുദ്ധമാണ്. ആ രാജ്യത്തിന്റെ വിശുദ്ധ കാത്തുസൂക്ഷിക്കാൻ ആ രാജ്യത്തെ വിശ്വാസിക്ക് ബാധ്യതയുണ്ട്. രാജ്യത്തെ നാശങ്ങളിൽനിന്നും കലഹങ്ങളിൽനിന്നും രക്ഷിക്കേണ്ട ബാധ്യത വിശ്വാസിക്കുണ്ട്. ജീവജാലങ്ങളോട് വരെ നന്മ ചെയ്യണം. എല്ലാ പച്ചക്കരളുള്ള വസ്തുക്കളിലും പ്രതിഫലമുണ്ട്. പരിസ്ഥിതിയോടും നന്മ ചെയ്യേണ്ടതുണ്ട്. ഒരു നന്മ ചെയ്താൽ പത്തിരിട്ടിയായി അല്ലാഹു തിരിച്ച് നന്മ ചെയ്യും. ഇതിന് പുറമെ പശ്ചാതാപത്തിന്റെ വാതിൽ തുറന്നുതരും. നന്മകൾ ചെയ്യുന്തോറും ജീവിതത്തിലെ തെറ്റുകളെ അല്ലാഹു ഇല്ലാതാക്കുമെന്നും ശൈഖ് വ്യക്തമാക്കി.

spot_img

Related Articles

Latest news