ആലപ്പുഴ : പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷന് നല്കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് ഐപിസി 417, 419 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ആള്‍മാറാട്ടം, വിശ്വാസവഞ്ചന എന്നിവ ചൂണ്ടിക്കാട്ടി അസോസിയേഷന് സെക്രട്ടറി അഡ്വ. അഭിലാഷാണ് പരാതി നല്‍കിയത്.
അസോസിയേഷന് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൊഴിയെടുത്തുവെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമോയെന്ന് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. സെസിയുടെ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.
തിരുവനന്തപുരം ലോ കോളേജിലാണ് സെസി പഠിച്ചത്. പക്ഷേ പരീക്ഷ ജയിച്ചില്ല. ഇക്കാര്യം അറിയാവുന്നവര്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചത് ബംഗളൂരുവിലാണെന്ന് പറഞ്ഞു. ഇവര്‍ നല്കിയ റോള്‍ നമ്ബറില്‍ ഈ പേരുകാരിയായ ആരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
ഇതോടെ 24 മണിക്കൂറിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നോട്ടീസ് നല്കി. ഇത് പാലിക്കാത്തതിനാല്‍ ഇവരെ ബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.