കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കേരളത്തില്‍ ബക്രീദിന് ഇളവുകള്‍ അനുവദിച്ചതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിദിന കേസുകളും രോഗവ്യാപനവും കുറഞ്ഞ പ്രദേശങ്ങളിലാണ് ഇളവുള്ളത്.
വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ചില മേഖലകളില്‍ മാത്രമാണിത്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി വിലയിരുത്തുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ കാവടി യാത്രയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍, കേരളത്തില്‍ ബക്രീദിന് ഇളവുകള്‍ നല്‍കിയ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബിജെപി അനുഭാവി പി കെ ഡി നമ്പ്യാർ തിങ്കളാഴ്ച ഇടപെടല്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം ആരാഞ്ഞു. കോവിഡ് ഏറ്റവും ഫലപ്രദമായി കൈകാര്യംചെയ്ത സംസ്ഥാനമാണ് കേരളമെന്നും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് പ്രതികരിച്ചു. നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അടച്ചു പൂട്ടലുണ്ടായത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നുണ്ട്. 30 ശതമാനം ഉണ്ടായിരുന്ന ടിപിആര്‍ റേറ്റ് 10 ശതമാനമാക്കി നിയന്ത്രിക്കാന്‍ കഴിഞ്ഞു.
അടച്ചു പൂട്ടല്‍ തീരുമാനിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി അവര്‍ ആ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ സത്യവാങ്മൂലം കോടതി പരിഗണിക്കും.
Mediawings: