തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിലധികം പെന്ഷന് വാങ്ങുന്നവര്‍ക്ക് നല്കുന്ന മറ്റ് അലവന്‍സുകള്‍ ഒരു പെന്ഷന് മാത്രമായി പരിമിതപ്പെടുത്തി. പെന്‍ഷന്‍കാര്‍ 80 കഴിഞ്ഞവര്‍ക്കുള്ള സപെഷല്‍ കെയര്‍ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ഉത്സവ ബത്ത എന്നിവ ഒന്നിലധികം കൈപ്പറ്റുന്നില്ലെന്ന് പെന്ഷന് ഡിസ്ബേഴ്സിങ് അതോറിറ്റി ഉറപ്പാക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചു.
പി.എസ്.സി, വിവരാവകാശ കമീഷന്, ലോകായുക്ത, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നല്കുന്ന പെന്ഷന് സ്പെഷല്‍ കാറ്റഗറി പെന്ഷന് എന്ന വിഭാഗത്തില്‍ കണക്കാക്കും.
സംസ്ഥാന സര്‍വിസ് പെന്ഷന്-കുടുംബ പെന്ഷന് എന്നിവയോടൊപ്പം ഒന്നോ ഒന്നിലധികമോ സ്പെഷല്‍ കാറ്റഗറി സര്‍വിസ് പെന്‍ഷനോ-കുടുംബ പെന്‍ഷനോ ബോര്‍ഡ്-കോര്പറേഷന്, അതോറിറ്റി-സര്‍വകലാശാല തുടങ്ങിയവയില്‍ നിന്നുള്ള സര്‍വിസ് പെന്‍ഷനോ-കുടുംബ പെന്‍ഷനോ കൈപ്പറ്റുന്നവര്‍ക്ക് സര്‍വിസ് പെന്‍ഷനില്‍നിന്ന് അല്ലെങ്കില്‍ സംസ്ഥാന സര്‍വിസ് കുടുംബ പെന്‍ഷനില്‍നിന്ന് മാത്രം അലവന്‍സുകള്‍ അനുവദിക്കും.
ഒന്നോ അധികമോ സ്പെഷല്‍ കാറ്റഗറി സര്‍വിസ് പെന്‍ഷനും അതേ വിഭാഗത്തിലെ കുടുംബ പെന്‍ഷനും കൈപ്പറ്റുന്നവര്‍ക്ക് ഒരു പെന്ഷന് മാത്രം അലവന്‍സുകള്‍ നല്‍കും. ഒന്നോ അധികമോ സ്പെഷല്‍ കാറ്റഗറി സര്‍വിസ് പെന്‍ഷനോ അതേ വിഭാഗത്തിലെ കുടുംബ പെന്‍ഷനോ ഒപ്പം ബോര്‍ഡ്-കോര്പറേഷന്-സര്‍വകലാശാല തുടങ്ങിയ പെന്‍ഷനോ കുടുംബ പെന്‍ഷനോ കൈപ്പറ്റുന്നവര്‍ക്ക് സ്പെഷല്‍ കാറ്റഗറി പെന്‍ഷനില്‍ നിന്നോ അതിന്റെ കുടുംബ പെന്‍ഷനില്‍ നിന്നോ മാത്രം അലവന്‍സുകള്‍ നല്‍കും.
ബോര്‍ഡ് കോര്പറേഷന്, അതോറിറ്റി, സര്‍വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് ഒന്നിലധികം കുടുംബ പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് ഏതെങ്കിലും ഒരു സ്ഥാപനത്തിലെ കുടുംബ പെന്ഷന് മാത്രം അലവന്‍സുകള്‍ നല്‍കും.
കുടുംബ പെന്ഷന് ഒന്നിലധികം വ്യക്തികള്‍ പങ്കിടുന്നെങ്കില്‍ സ്പെഷല്‍ കെയര്‍ അലവന്‍സ് തുല്യമായി ഭാഗിക്കണം. അര്‍ഹര്‍ക്ക് അവരുടെ ഭാഗം മാത്രം അനുവദിക്കണം. മെഡിക്കല്‍ അലവന്‍സ് ഉത്സവബത്ത എന്നിവ തുല്യമായി ഭാഗിച്ച് വ്യക്തികള്‍ക്ക് അവരുടെ ഭാഗം നല്‍കണം.
കുടുംബ പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തി നിലവില്‍ സര്‍ക്കാര്‍ സേവനത്തിലാണെങ്കില്‍ സേവന കാലത്ത് അവര്‍ക്ക് ഈ അലവന്‍സുകള്‍ക്ക് അര്‍ഹതയില്ല. വിരമിച്ച പാര്‍ട്ട്ടൈം അധ്യാപകര്‍, എയ്ഡഡ് മേഖലയിലെ പെന്‍ഷന്‍കാര്‍-കുടുംബ പെന്‍ഷന്‍കാര്‍, പാര്‍ട്ട്ടൈം പെന്‍ഷന്‍കാര്‍-കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സനല്‍ സ്റ്റഫിലേക്ക് നേരിട്ട് നിയമനം ലഭിച്ചവര്‍ എന്നിവര്‍ക്ക് സ്പെഷല്‍ കെയര്‍ അലവന്‍സിന് അര്‍ഹതയുണ്ട്.
പുനര്നിയമനത്തിലുള്ള പെന്‍ഷന്‍കാര്‍, എ.ഐ.സി.ടി.ഇ, യു.ജി.സി, എം.ഇ.എസ് വിഭാഗങ്ങളില്‍ വരുന്ന പെന്‍ഷന്‍കാര്‍, പി.എസ്.സി, വിവരാകാശ കമീഷന്, ലോകയുക്ത, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ എന്നിവയിലെയും സമാന സ്ഥാപനങ്ങളിലെയും സേവനത്തിന് നല്കുന്ന സ്പെഷല്‍ കാറ്റഗറി പെന്ഷന് എന്നിവക്ക് സ്പെഷല്‍ കെയര്‍ അലവന്‍സിന് അര്‍ഹതയില്ല.
എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍-കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും മെഡിക്കല്‍ അലവന്‍സിന് അര്‍ഹതയില്ല.
Mediawings: