ജനീവ : അതി തീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപന ശേഷിയുള്ളതായതിനാല്‍ വളരെയേറെ മുന്‍കരുതല്‍ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. 124 രാജ്യങ്ങളില്ലാണ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെല്‍റ്റയ്ക്ക് പുറമേ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്.
ഇന്ത്യ, ആസ്ട്രേലിയ, ബ്രിട്ടന്, ബംഗ്ലാദേശ്, ചൈന തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ ലോകത്താകമാനം 3.4 മില്ല്യണ്‍ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് മുന്‍പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതലാണ്.
കൊവിഡ് നിയന്ത്രണങ്ങളിലുള്ള ഇളവുകളും വാക്സിനേഷന് മന്ദഗതിയിലായതും കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. അതേ സമയം വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പ്രകാരം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയായി. മഹാമാരിയില്‍ നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 17.49 കോടി ആളുകള്‍ രോഗമുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 6.25 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണ സംഖ്യയില്‍ തൊട്ടു പിന്നിലുള്ള ബ്രസീലില്‍ 5.44 ലക്ഷം പേരാണ് മരണമടഞ്ഞത്.