പത്രങ്ങൾ സ്ത്രീവിരുദ്ധ വാക്കുകൾ അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് പരാതിയുമായി സ്ത്രീകൂട്ടായ്മ 

തിരുവനന്തപുരം: പത്രങ്ങളിലെ സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മായ മലയാളപ്പെണ്‍കൂട്ടം. പത്രങ്ങളിലെ സ്ത്രീവിരുദ്ധ വാക്കുകളും പ്രയോഗങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലയാളപ്പെണ്‍കൂട്ടം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

വിഷയം ചൂണ്ടിക്കാണിച്ച് വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ആറ് പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്, ചരമ കോളങ്ങളില്‍ മരിച്ച സ്ത്രീയുടെ പേര് പറയുന്നതിനു മുമ്പേ ഇന്നയാളുടെ ഭാര്യ / മകള്‍ ആയ എന്ന് പറഞ്ഞു കൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ /മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി, സ്ത്രീകള്‍ ആര്‍ക്കെങ്കിലുമൊപ്പം വീടു വിട്ടു പോയാല്‍ മാത്രം സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള ‘ഒളിച്ചോടി’ എന്ന പ്രയോഗം, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്, വീട്ടുത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നല്‍കുന്ന ‘വീട്ടമ്മ’ എന്ന പദപ്രയോഗം എന്നീ സ്ത്രീ വിരുദ്ധ പ്രയോഗങ്ങള്‍ക്കെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,21 എന്നിവ സ്ത്രീക്ക് പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും ലിംഗവിഭാഗം എന്ന നിലയിലുള്ള വിവേചനം പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ഈ പദപ്രയോഗങ്ങള്‍ ഈ അവകാശത്തെ ഹനിക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

spot_img

Related Articles

Latest news