മാനന്തവാടി: ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ സ്പന്ദനം മാനന്തവാടി 2022 ഫെബ്രുവരിയിൽ സമൂഹ വിവാഹം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്പന്ദനം മുഖ്യ രക്ഷാധികാരിയും റിഷി ഗ്രൂപ്പ് സിഇഒയും ആയ ജോസഫ് ഫ്രാൻസിസ് വടക്കേടത്തിൻ്റെ മക്കളുടെ വിവാഹത്തോടനുബന്ധിച്ചാണ് 15 വിവാഹം നടത്തുക.
അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ജോമോൻ ജോസഫും റബ മോണിക്ക ജോണും റിഷി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ജോഫി ജോസഫും മെഹൽ കെജരിവാളും അടുത്ത ജനുവരിയിലാണ് വിവാഹിതരാകുന്നത്. ആർഭാടരഹിതമായാണ് ഈ വിവാഹങ്ങൾ നടക്കുക.
സ്ത്രീധനത്തിൻ്റെ പേരിലുള്ള അക്രമവും കുടുംബ വഴക്കുകളും ഏറി വരുന്ന ഈ കാലത്ത് സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ വിവാഹം ഒരുക്കുന്നത്.
സമൂഹ വിവാഹത്തിന് മുൻപും പിൻപും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ ക്യാംപയിനും നടത്തും. ഫെബ്രുവരി ആദ്യവാരം നടക്കുന്ന സമൂഹ വിവാഹത്തിന് അർഹരായവർ ഓഗസ്റ്റ് 31നകം മാനന്തവാടി സ്പന്ദനം ഓഫിസിൽ അപേക്ഷ നൽകണം. അതാത് മതാചാരപ്രകാരമാണ് ചടങ്ങുകൾ നടത്തുക.
വയനാട് ജില്ലയിലും സമീപ പ്രദേശങ്ങളിലുള്ളവർക്കും അപേക്ഷിയ്ക്കാം. വധൂവരൻമാർക്ക് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും സ്പന്ദനം നൽകും. വിവാഹ സദ്യയും ഒരുക്കും. സ്ത്രീധന വിരുദ്ധ ക്യാംപയിൻ്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ മത, രാഷ്ടീയ, വ്യവസായ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
16 വർഷമായി വയനാട്ടിലെ ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന സ്പന്ദനം കഴിഞ്ഞ 3 വർഷത്തിനിടയിൽ 2 കോടിയിലേറെ രൂപയുടെ കാരുണ്യ പദ്ധതികളാണ് നടപ്പിലാക്കിയത്. പുതിയ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിക്കും.
സമൂഹ വിവാഹം സബന്ധിച്ച വിശദ വിവരങ്ങൾക്ക് 8281149074, 9947666956, 9495741740 എന്നീ നമ്പറുകളിൽ ലഭിയ്ക്കും. വടക്കേ വയനാട്ടിൽ നടക്കുന്ന ഏറ്റവും വലിയ സമൂഹ വിവാഹത്തിലൂടെ സ്ത്രീധന വിപത്തിനെതിരായ സന്ദേശം ജനങ്ങളിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികളായ പ്രസിഡൻ്റ് ഡോ. ഗോകുൽദേവ്, സെക്രട്ടറി പി.സി. ജോൺ, സമൂഹവിവാഹ സംഘാടക സമിതി ചെയർമാൻ ഫാ. വർഗീസ് മറ്റമന, കൺവീനർ കൈപ്പണി ഇബ്രാഹിം ഹാജി, ഡയറക്ടർ ബാബു ഫിലിപ്പ്, പിആർഒ കെ.എം. ഷിനോജ് എന്നിവർ പറഞ്ഞു.