കൊവിഡ് വീഴ്ചകളെ വിമര്‍ശിച്ച ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ ആദായ നികുതി റെയ്ഡ്

ന്യൂഡല്‍ഹി: കൊവിഡ് കെടുതികള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ച,രാജ്യത്തെ ഏറ്റവും വലിയ പത്ര​ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ മുപ്പതിലേറെ ഓഫീസുകളില്‍ ആദായ നികുതി റെയ്‌ഡ്. പത്രത്തിന്റെ ആസ്ഥാനമായ ഭോപ്പാലില്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ സുധീര്‍ അഗര്‍വാളിന്റെ വസതിയും റെയ്‌ഡ് ചെയ്‌തു.

കൊവിഡ് വ്യാപനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രാദേശിക ചാനലായ ഭാരത് സമാചാറിന്റെ ലക്‌നൗ, ഡല്‍ഹി ഓഫീസുകളിലും എഡിറ്റ‌ര്‍ ബ്രജേഷ് മിശ്രയുടെ വസതിയിലും റെയ്‌ഡ് നടന്നു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്‌ഡുകള്‍.

പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 65 എഡിഷനുകളും 46 ലക്ഷം കോപ്പി സര്‍ക്കുലേഷനുമുള്ള ദൈനിക് ഭാസ്‌കര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി പത്രമാണ്. ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലും പത്രത്തിന്റെ പ്രൊമോട്ടര്‍മാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.

വ്യാഴാഴ്ച രാവിലെ നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡ് തുടങ്ങിയത്. മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ പ്രസ് കോംപ്ലക്‌സിലും ഇന്‍ഡോറിലും ഉള്‍പ്പെടെ ആറ് ഓഫീസുകളിലായിരുന്നു റെയ്‌ഡ്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ദൈനിക് ഭാസ്‌കര്‍ തുറന്നു കാട്ടിയിരുന്നു. സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടു.

കൊവിഡ് രോഗികളുടെ ജഡങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും രാജ്യത്തെ ഞെട്ടിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിമര്‍ശിച്ച്‌ ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍ ഓം ഗൗര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനം ആഗോളചര്‍ച്ചയായി.

ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയതിനെ പറ്റിയും മറ്റുമുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തി പൂണ്ടാണ് റെയ്‌ഡ്. പത്രത്തിന്റെ പ്രമുഖരുടെ വസതികളും റെയ്ഡ് ചെയ്‌തു. ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. റെയ്ഡ് സംഘത്തില്‍ വനിതകള്‍ ഇല്ലായിരുന്നു എന്നാണ്  ദൈനിക് ഭാസ്‌കർ വൃത്തങ്ങൾ അഭിപ്രായപെട്ടു.

മറ്റ് പ്രതികരണങ്ങൾ

മാദ്ധ്യമങ്ങളെ ഭയപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാദ്ധ്യമങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണിത് — അരവിന്ദ് കേജ്‌രിവാള്‍, ഡല്‍ഹി മുഖ്യമന്ത്രി

ജനാധിപത്യം തകര്‍ക്കാനുള്ള മറ്റൊരു ശ്രമമാണ് മാദ്ധ്യമപ്രവര്‍ത്തകരേയും മാദ്ധ്യമസ്ഥാപനങ്ങളേയും ആക്രമിക്കുന്നത് – മമത ബാനര്‍ജി, ബംഗാള്‍ മുഖ്യമന്ത്രി.

1948ല്‍ ഭോപ്പാലില്‍ നിന്നും സുബഹ് സവേരെ എന്ന പേരിലും ഗ്വാളിയറില്‍ നിന്നും ഗുഡ്മോണിംഗ് ഇന്ത്യ എന്ന പേരിലും തുടങ്ങിയ പത്രം 1957ല്‍ ഭാസ്‌കര്‍ സമാചാര്‍ എന്ന് പേര് മാറ്റി. 1958ല്‍ പേര് ദൈനിക് ഭാസ്‌കര്‍ എന്നാക്കി. 12 സംസ്ഥാനങ്ങളില്‍ 65 എഡിഷനുകള്‍. മറാത്തിയിലും പ്രസിദ്ധീകരിക്കുന്നു. 2019ലെ സര്‍ക്കുലേഷന്‍ 46 ലക്ഷം കോപ്പി.

spot_img

Related Articles

Latest news