തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് നീക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വിലക്ക് മൂലം പ്രവാസി മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.
ക്വാറന്റൈന്‍ സംവിധാനം, വിമാനത്താവളത്തില്‍ സൗജന്യ കോവിഡ് പരിശോധന, കൂടുതല്‍ വിമാന സര്‍വീസ് എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. മടങ്ങേണ്ടവര്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കി.
എന്നാല്‍, കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. ആദ്യ ഡോസ് വിദേശത്തു നിന്നും സ്വീകരിച്ച് നാട്ടിലെത്തിയവര്‍ക്ക് ചില വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനാകുന്നില്ല.
ഈ വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. അതാത് രാജ്യത്തെ എംബസികളുമായി ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കുകയാണെന്നും കെ ടി ജലീലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.