ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലിനിര്‍ത്താന്‍ സാധ്യമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജനറല്‍ വി കെ സിംഗ്. ഇതുസംബന്ധിച്ച് പാര്‍ലിമെന്റില്‍ എം എം ആരിഫ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വി കെ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് 150 മീറ്റര്‍ ഉള്ള റണ്‍വേ സ്ട്രിപ്പ് 280 മീറ്റര്‍ ആക്കാനും, വിമാനത്തിന്റെ പേലോഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന് റണ്‍വേയുടെ രണ്ടറ്റത്തും റണ്‍വേ ഏന്‍ഡ് സേഫ്റ്റി ഏരിയ നിര്‍മ്മിക്കാനും റണ്‍വേയുടെ നീളം കൂട്ടാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 152.25 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാരിന് നല്‍കണം എന്ന് കേരളത്തോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ 10 ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കരിപ്പൂര്‍ വിമാനത്താവളം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന് ശേഷം വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്ത നടപടിയാണ് കരിപ്പൂരിന് വിനയായത്.
കാലവര്‍ഷം കഴിയുന്നതുവരെ വിലക്കെന്നായിരുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലവര്‍ഷം കഴിഞ്ഞിട്ടും വിലക്ക് മാറ്റിയില്ല. വലിയ വിമാനങ്ങള്‍ക്ക് വിലക്കിന് പിന്നാലെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കൂടി നഷട്മായതോടെ കരിപ്പൂരിന്റെ വികസനം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.