തിരുവനന്തപുരം : പ്രവാസികളുടെ വലിയ ഒരു ആവശ്യമായിരുന്ന രണ്ട് ഡോസ് വാക്സിനുകളുടെയും ഡേറ്റും ബാച്ച് നംബറും ഒരു സർട്ടിഫിക്കറ്റിൽ ലഭ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ ലഭ്യമായിത്തുടങ്ങി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇപ്പോൾ കോവിൻ സൈറ്റിൽ പ്രവേശിച്ചാൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഡേറ്റും സെകൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച ഡേറ്റും ഒരു സർട്ടിഫിക്കറ്റിൽ തന്നെ രേഖപ്പെടുത്തിയ നിലയിൽ തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
നേരത്തെ കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് ലഭിച്ചാൽ പിന്നെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. കേരളത്തിൻ്റെ സൈറ്റ് വഴി അപേക്ഷിച്ച് നേരത്തെ സെക്കൻഡ് ഡോസ് എടുത്ത പലരും കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റ് ലഭിക്കാനും പ്രായസം അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു.
രണ്ട് ഡോസ് ഡേറ്റുകളും ഒരു സർട്ടിഫിക്കറ്റിൽ ലഭിക്കുന്നത് കൊണ്ട് പ്രവാസികൾക്ക് തവക്കൽനായിലും മറ്റു രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സൈറ്റുകളിലും മറ്റും വാക്സിൻ ഡീറ്റെയിൽസ് അപ് ലോഡ് ചെയ്യുന്നതിനും കയ്യിൽ കരുതുന്നതിനുമെല്ലാം എളുപ്പമാകും.
അതോടൊപ്പം ഏതെങ്കിലും സാഹചര്യത്തിൽ അറ്റസ്റ്റേഷൻ ആവശ്യമായി വരികയാണെങ്കിൽ ഒരു സർട്ടിഫിക്കറ്റിൽ മാത്രം അറ്റസ്റ്റ് ചെയ്താൽ മതി എന്നതും ആശ്വാസമാകും.
നേരത്തെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റിൽ മാത്രം സൗദി എംബസിയുടെ അറ്റസ്റ്റേഷൻ ലഭിച്ച ചിലരുടെ അപേക്ഷകൾ തവക്കൽനായി ഇമ്യൂൺ ആകാനുള്ള ശ്രമത്തിനിടെ തള്ളിയിരുന്നു. ആദ്യ ഡോസിൽ അറ്റസ്റ്റേഷൻ നടത്തിയില്ല എന്ന കാരണ്മായിരുന്നു പറഞ്ഞിരുന്നത്. (നിലവിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ലാതെത്തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ അപേക്ഷകൾ ഭൂരിഭാഗവും സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നുണ്ട് എന്നത് ഇതോടൊപ്പം ചേർത്തു വായിക്കുക).
മറ്റു പല രാജ്യങ്ങളും രണ്ട് ഡോസ് ഡേറ്റുകളും ഒരു സർട്ടിഫിക്കറ്റിൽ തന്നെ നൽകുന്ന സംവിധാനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.