പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. കിസാന്‍ പാര്‍ലമെന്റ് ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്തി. ആവശ്യം വന്നാല്‍ പാര്‍ലമെന്റ് നടത്താനും അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും കര്ഷകന് അറിയാം. അത് ആരും മറക്കരുത്, ടികായത്ത് പറഞ്ഞു.
ഇന്ത്യയുടെ ആത്മാവും സ്വാതന്ത്ര്യവും കാക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ടികായത്ത് കര്‍ഷകരോട് അഭ്യര്‍ഥിച്ചു. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന് സമീപത്താണ് കര്‍ഷകര്‍ നിലവില്‍ സമരം നടത്തുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ മാസങ്ങളായി ദല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധം നടത്തുകയാണ്. വ്യാഴാഴ്ച കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ കര്‍ഷക പാര്‍ലമെന്റിന് തുടക്കം കുറിച്ചിരുന്നു.
പാര്‍ലമെന്റിന് സമീപത്തുള്ള ജന്തര്‍ മന്തറില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്താന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കര്‍ഷക സംഘടനകള്‍ക്ക് അനുമതി നല്‍കിയിരുന്നു.ആഗസ്റ്റ് ഒന്പതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി.