കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി പ്രവാസികൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള ഒരു പ്രസ്താവന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനിൽ നിന്നുണ്ടായത് പ്രവാസികളെ അങ്ങേയറ്റം നിരാശപെടുത്തുന്നതും അവരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതുമായി മന്ത്രിയുടെ പ്രസ്താവനയെന്നു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പ്രവാസിയായതു കൊണ്ട് മാത്രം ഒരു ഒരിന്ത്യൻ പൗരന് ലഭിക്കേണ്ട അവകാശങ്ങൾ ലഭിക്കാതെ പോകുന്നത് വളരെ ദൗർഭാഗ്യകരമാണ്. പ്രവാസ ലോകത്ത് വെച്ച് കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും, നാട്ടിലേക്ക് കൊണ്ട് പോകാൻ സാധികാത്ത പ്രവാസികളുടെ മൃതദേഹം പ്രവാസലോകത്ത് സംസ്കരിക്കുന്നതിനും ഉള്ള ചിലവുകൾ നയതന്ത്ര കാര്യാലയങ്ങളിലെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ചിലവഴിച്ചിട്ടുണ്ട് എന്ന് മന്ത്രി പ്രസ്താവനയിറക്കുകയുണ്ടായി. എന്തടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നറിയില്ല. കോവിഡ് പ്രോട്ടോകാൾ പ്രകാരം വിദേശത്തു കോവിഡ് ബാധിച്ചു മരണപ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹം മറ്റൊരു രാജ്യത്തേക്ക് കൊണ്ട് പോകാൻ സാധിക്കില്ല എന്ന സാമാന്യവിവരം ബഹുമാനപെട്ട മന്ത്രിക്ക് അറിയാത്തതാണോ, അതോ അറിഞ്ഞിട്ടും അറിയാത്തതു പോലെ പ്രസ്താവിച്ചതാണോ എന്നറിയില്ല. അത് പോലെ ഗൾഫ് രാജ്യങ്ങളിൽ സംസ്കരിക്കുന്ന മൃതദേഹങ്ങൾക്ക് പ്രത്യകിച്ചു ഒരു ചിലവും ഉണ്ടാവാറില്ല. ഇതൊന്നുമറിയാതെയാണോ മന്ത്രി ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയത് എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളിൽ എൺപത് ശതമാനം ആളുകളും മരണപ്പെട്ടിട്ടുളളത് ഗൾഫ് മേഖലയിൽ നിന്നുള്ളവരാണ്. അതിൽ ഭൂരിപക്ഷവും സാധാരണകാര്യ ഇന്ത്യൻ പ്രവാസികളുടേതാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രവാസി കുടുംബങ്ങളുടെ താങ്ങും തണലുമായി നിന്നവർ കോവിഡ് ബാധിച്ചു മരിച്ചിട്ട് അവർക്ക് അർഹതപ്പെട്ടത് നല്കാതിരിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് കൊണ്ട് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തയ്യാറാകുന്ന കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ലിസ്റ്റിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്നും ഏതൊരു ഇന്ത്യൻ പൗരന് ലഭിക്കുന്നത് പ്രവാസികൾക്കും ലഭ്യമാക്കണമെന്നും ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി ആവശ്യപെടുന്നു.