ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങില്‍ നന്മ മരങ്ങള്‍ക്ക് മാതൃക കാട്ടികൊടുത്ത് കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച ഓരോ ചില്ലിക്കാശിന്റെയും കണക്ക് വാര്‍ത്താ സമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയാണ് കമ്മറ്റി മാതൃകയായത്. അധിക തുക സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ മുഖാന്തിരം സമാന രോഗബാധിതര്‍ക്ക് നല്‍കും.
സമൂഹ മാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അനുകരീണയമായ മാതൃകയാണ് മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി കാട്ടിക്കൊടുത്തത്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ കണക്കുകളും സുതാര്യം. രക്ഷിതാക്കളുടെയും ഭാരവാഹികളുടെയും കയ്യില്‍ പണമായി ലഭിച്ച തുക അടക്കം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.
ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ് സഹിതമാണ് വാര്‍ത്താ സമ്മേളനം വിളിച്ച് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ കണക്ക് പരസ്യപ്പെടുത്തിയത്. ചികിത്സയ്ക്ക് ചിലവാകുന്ന തുകയുടെ കണക്കുകള്‍ അതാത് സമയത്ത് പരസ്യപ്പെടുത്തും. ചികിത്സയ്ക്ക് വേണ്ടത് കഴിച്ച് ബാക്കി വരുന്ന തുക വിനിയോഗിക്കുന്ന കാര്യത്തിലും വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ സര്‍ക്കാര്‍ മുഖാന്തിരം സമാന രോഗം ബാധിച്ചവര്‍ക്ക് കൈമാറാനാണ് കമ്മറ്റിയുടെ തീരുമാനം.
നേരിട്ട് ലഭിച്ച അപേക്ഷകളും സര്‍ക്കാറിന് കൈമാറും. കല്യാശ്ശേരി എം എല്‍ എ എം വിജിന്‍, മാട്ടൂല്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദ് അലി എന്നിവര്‍ രക്ഷാധികാരികളും ടി പി അബ്ബാസ് കണ്‍വീനറും മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ് ചെയര്‍പേഴ്സനുമായ കമ്മറ്റിയാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചത്.