പാലക്കാട്: നടൻ മുകേഷുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ നർത്തകി മേതില്‍ ദേവിക പുറത്തിറക്കിയ നൃത്തശില്‍പ്പം ഏറെ ശ്രദ്ധ നേടി. നടനും കൊല്ലം എംഎല്‍എയുമായ മുകേഷില്‍ നിന്ന് വിവാഹമോചനം നേടുന്ന വാര്‍ത്ത പുറത്തുവന്നതിനിടെയാണ് പുതിയ നൃത്താവിഷ്‌കാര വിഡിയോ റിലീസ് അവര്‍ റിലീസ് ചെയ്തത്.
ഭഗവാന്‍ ശ്രീരാമനും സീതാ ദേവിയുമായുള്ള ആദ്യ സമാഗമമാണ് ഇതിവൃത്തം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാ ദേവിയെ ശ്രീ രാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് ദേവിക അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി.
മികച്ച പ്രതികരണങ്ങളാണ് നൃത്താവിഷ്‌കാരത്തിനു ലഭിക്കുന്നത്. വിഡിയോയെ പ്രശംസിക്കുന്നതിനൊപ്പം വിവാഹമോചനവാര്‍ത്തയും ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍.
എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ ദാമ്പത്യം അവസാനിപ്പിക്കാന്‍ നിയമ നടപടികളിലേക്ക് കടന്ന നര്‍ത്തകി മേതില്‍ ദേവിക കാരണം എന്തുതന്നെ ആയാലും ചെളിവാരി എറിയതിന് നില്‍ക്കാതെ മാന്യമായി പ്രതികരിച്ചു കൊണ്ടാണ് ഇന്നലെ രംഗത്തുവന്നത്. മുകേഷിലെ രാഷ്ട്രീയക്കാരനെ പ്രതിസന്ധിയില്‍ ആക്കാതെ മാന്യമായി പ്രതികരണം കൊണ്ടാണ് അവര്‍ മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചതും. താന്‍ പറയുന്ന ഓരോ വാക്കിലും അവര്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. വാക്കുകള്‍ കൈവിട്ടു പോകാതിരിക്കാന്‍ ശാന്തമായ മനസ്സോടെയാണ് അവരുടെ പ്രതികരണം.
മുകേഷിന്റെ മുന്‍ ഭാര്യ സരിത ബന്ധം വേര്‍പെടുത്തിയ വേളയില്‍ വലിയ കുറ്റപ്പെടുത്തലുകളാണ് മുകേഷിനെതിരെ നടത്തിയത് എങ്കില്‍ ഇക്കുറി അങ്ങനെയൊന്നും ആയിരുന്നില്ല. മാന്യമല്ലാത്ത ഒരു വാക്കുപോലും അവരില്‍ നിന്നും ഉണ്ടായില്ല.
തന്റെ സ്വകാര്യതയെ മാനിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മേതില്‍ ദേവികക്ക് പറയാനുണ്ടായിരുന്നത്. മാധ്യമങ്ങള്‍ക്ക് സെന്‍സേഷണലായ ഒന്നും തന്നെ തന്റെ നാവില്‍ നിന്നും പുറത്തുവരാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു.
രാഷ്ട്രീയമായി മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിച്ചു കൊണ്ടായിരുന്നു മേതില്‍ ദേവികയുടെ ഓരോ വാക്കും. ബിന്ദു കൃഷ്ണ ഉയര്‍ത്തിയ ഗാര്‍ഹിക പീഡനം എന്ന ആരോപണത്തെയും അവര്‍ പ്രതിരോധിച്ചു. തനിക്ക് പരാതികളുണ്ടെങ്കിലും അത് തന്റെ പരാതിയില്‍ പെടില്ലെന്നും ദേവിക പറഞ്ഞു.
തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. വ്യക്തിഹത്യ ചെയ്യാനോ സാമ്പത്തിക നേട്ടത്തിനോ അല്ല ഈ തീരുമാനം. ഒരുമിച്ചു പോകാന്‍ കഴിയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
ബിന്ദു കൃഷ്ണയുടെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. ദേഷ്യപ്പെട്ട് പിരിയേണ്ട ആവശ്യമില്ലെന്നും ജീവിതത്തിന്റെ ഈ ഘട്ടം നിര്‍ണായകമാണെന്നും ദേവിക പറയുന്നു. ‘മുകേഷേട്ടന്‍ വില്ലനല്ല, അദ്ദേഹത്തെ ചെളി വാരിയെറിയാന്‍ താല്‍പര്യമില്ല. പിരിയുകയെന്നത് വലിയ സങ്കടകരമായ അവസ്ഥയാണ്. അദ്ദേഹത്തിനും അങ്ങനെ തന്നെയാവണം. പക്ഷേ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല’. ദേവിക പറഞ്ഞു.
‘തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് ഞാന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഇങ്ങനെയാണ് എന്റെ താല്‍പര്യമെന്ന് മുകേഷേട്ടനോട് പറഞ്ഞിരുന്നു, അദ്ദേഹം അത് സീരിയസ് ആയി എടുത്തോ എന്ന് അറിയില്ല. ഞാന്‍ സീരിയസായാണ് പറഞ്ഞതെന്ന് അറിയിക്കാനാണ് നോട്ടിസ് കൂടി അയച്ചത്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം. അത് പക്ഷേ മറ്റാരോടും പറയാന്‍ താല്‍പര്യപ്പെടുന്നില്ല. ഞങ്ങളുടെ തികച്ചും വ്യക്തിപരമായ വിഷയത്തെപ്പറ്റി ബിന്ദു കൃഷ്ണ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ അതൊന്നും കണ്ടിട്ടില്ല’.
‘ഗാര്‍ഹികപീഡനം എന്നതൊക്കെ വളരെ സ്‌ട്രോങ്ങ് ആയ വാക്കുകളാണ്. എനിക്ക് ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല. എന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. എല്ലാ ബന്ധങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ഓരോ ബന്ധത്തിലും എന്താണ് മൂല്യമുള്ളതെന്ന് നോക്കി അത് സൂക്ഷിക്കാന്‍ നമ്മള്‍ പഠിക്കണം. അദ്ദേഹത്തിന് മേലെ കുറെ ചെളിവാരിയെറിയാനൊന്നും എനിക്ക് താല്‍പര്യമില്ല . അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു.’
‘ഞങ്ങള്‍ രണ്ടു മുതിര്‍ന്ന വ്യക്തികളാണ്. ഞാന്‍ ആണ് നോട്ടിസ് അയച്ചത്, ആര്‍ക്കും ലീക്ക് ചെയ്തു കൊടുത്തിട്ടില്ല. അത് എങ്ങനെയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഈ ഒരു സമയം സമാധാനമായി കടന്നുപോകാനുള്ള അവസരം എല്ലാവരും ഉണ്ടാക്കണം. ഞാന്‍ ഇങ്ങനെ മാധ്യമങ്ങളോട് പറയാന്‍ പാടില്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായതു കൊണ്ട് നിങ്ങള്‍ ചോദിക്കുന്നത്തിനു ഉത്തരം തരാന്‍ ഞാന്‍ നിര്‍ബന്ധിതയാകുകയാണ്.’
‘വളരെ പേരുകേട്ട ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് അദ്ദേഹം. എന്റെ വ്യക്തിപരമായ വിഷയം അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനവുമായി കൂട്ടിക്കുഴയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു വില്ലനൊന്നുമല്ല. ചില ഓണ്‍ലൈന്‍ ചാനലുകളില്‍ വരുന്ന കമന്റുകള്‍ കണ്ടു തലകറങ്ങുന്നുണ്ട്. വളരെ ശാന്തമായി ഈ കാര്യങ്ങള്‍ തീര്‍ക്കാം എന്നാണ് ഞാന്‍ കരുതിയത്. ഈ സമയത്ത് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ ഞാന്‍ വേണം എന്ന് തോന്നി. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ല അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയാറാകുന്നത്.’ മേതില്‍ ദേവിക പറഞ്ഞു.
ഇന്നലെയാണ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതില്‍ ദേവിക സ്ഥിരീകരിച്ചത്. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.