കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിറുത്തിവെച്ച അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എം.പി.മാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. വിസ കാലാവധി അവസാനിച്ചതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടെന്നും വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ തൊഴിലവസരങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും.
രണ്ടു ഡോസ് കൊവിഡ് വാക്സിനെടുത്ത എല്ലാ പ്രവാസികള്‍ക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. സൗദി അറേബ്യയിലെ വെബ് പോര്‍ട്ടലില്‍ ഇന്ത്യയിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിരാകരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി എത്രയും വേഗം പരിഹാരം കാണണമെന്നും എം.പി മാരായ എളമരം കരിം, എ.എം. ആരിഫ്, വി. ശിവദാസന്‍, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.