‘സുഭിക്ഷ ‘യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ആരംഭിച്ച ത്രീ-ലയർ സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയിൽ മാസ്‌ക് നിർമ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി അത്യാവശ്യവും പ്രാധാന്യമർഹിക്കുന്നതുമാണ്.
കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പരമാവധി ഉത്പന്നങ്ങൾ സംസ്ഥാനത്തിന് അകത്തുതന്നെ നിർമ്മിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും വ്യവസായ വകുപ്പും ആലോചിച്ചിരുന്നു. സംസ്ഥാനത്തെ മാതൃക ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ ‘സുഭിക്ഷ ‘യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ചാലിക്കരയിൽ 15 ലക്ഷം രൂപ ചിലവിലാണ് ത്രീ-ലയർ സർജിക്കൽ മാസ്ക് നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചത്.
ദിവസേന ഒരു ലക്ഷം മാസ്കുകൾ നിർമ്മിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിത തൊഴിലാളികളാണുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആളുകൾക്ക് മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ ടി. പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.