കൊട്ടിയൂർ പീഡനക്കേസ് : പ്രതിയെ വിവാഹം കഴിക്കണം: പെണ്‍കുട്ടി സുപ്രീം കോടതിയില്‍

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിൻ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാൻ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹർജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകൻ അലക്സ് ജോസഫാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിൻ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്.

വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാന വിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. കൊട്ടിയൂർ പീഡന കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചത്. എന്നാൽ മൂന്നുശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

spot_img

Related Articles

Latest news