കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയോടെ കാണേണ്ടതില്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ (അമേരിക്ക) ബയോ സ്റ്റാറ്റിസ്റ്റിക്സ്–സാംക്രമികരോഗ ശാസ്ത്ര–ആഗോള പൊതുജനാരോഗ്യ വിഭാഗം പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെപ്പറ്റി വ്യത്യസ്തമായ രീതിയില്‍ പഠനം നടത്തുകയാണ് ഭ്രമര്‍.
രോഗികളെ കൃത്യമായി കണ്ടെത്തി വ്യാപനം നിയന്ത്രിക്കുകയാണ് കേരളം ചെയ്യുന്നത്. രോഗികളുടെ എണ്ണമല്ല, കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് സമഗ്രമായി കാണേണ്ടത്. കേരളം ഇപ്പോഴും രാജ്യത്തിന് മാതൃകയാണെന്നും അവര്‍ വ്യക്തമാക്കി.
ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനയാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ തന്റെ ജന്മനാടും കേരളത്തെക്കാള്‍ മൂന്നിരട്ടി ജനസംഖ്യയുമുള്ള ബംഗാളില്‍ ഇത് 50,000ത്തോളം മാത്രമാണെന്നും അവര്‍ പറഞ്ഞു.
രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതു കൊണ്ടും വ്യാപനം നിയന്ത്രിക്കുന്നതിനാലുമാണ് ഐസിഎംആര്‍ സിറൊ സര്‍വേയില്‍ കേരളത്തില്‍ 44 ശതമാനം പേരില്‍ മാത്രം ആന്റിബോഡി സാന്നിധ്യം കണ്ടെത്താനായത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ രോഗം വരാതെ നോക്കിയതാണ് ഇതിനു പിന്നില്‍.
ദേശീയ നിരക്കിനെ അപേക്ഷിച്ച് കേരളത്തില്‍ മരണ നിരക്ക് വളരെ കുറവാണ്. അര ശതമാനം മാത്രമാണിത്. കേരളത്തില്‍ രണ്ടുപേരില്‍ ഒരാളില്‍ രോഗ നിര്‍ണയം നടക്കുമ്പോള്‍ രാജ്യത്ത് അത് 28ല്‍ ഒന്നുമാത്രമാണ്. ഇവയെല്ലാം സംസ്ഥാനത്തിന്റെ മികവിനെ സൂചിപ്പിക്കുന്നു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജനിതക ശ്രേണീകരണം നടത്തി വൈറസിന്റെ ജനിതക വ്യതിയാനം നേരത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും ഭ്രമര്‍ മുഖര്‍ജി മുന്നോട്ടു വച്ചു.