ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംവിധാനം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. തത്സമയ പണമിടപാട് സംവിധാനമായ യു.പി.ഐ പ്ലാറ്റ്‌ഫോമില്‍ നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്.
2014 ഓഗസ്റ്റില്‍ ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തില്‍ ആരോഗ്യ മേഖലയിലാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ പണം എന്തിനു വേണ്ടിയാണോ നല്‍കിയത്, അതിനു വേണ്ടി മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പാക്കും.
സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് 100 പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. അവര്‍ക്ക് ഇ-റുപ്പി വൗച്ചര്‍ 100 പേര്‍ക്ക് നല്‍കാം. അവര്‍ ചെലവഴിക്കുന്ന തുക കൊവിഡ് വാക്‌സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വൈകാതെ കൂടുതല്‍ സേവനങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍ മാതൃശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, മരുന്നുകള്‍, രോഗനിര്‍ണയം പോലുള്ള സേവനങ്ങള്‍, വിവിധ സബ്‌സിഡികള്‍ എന്നിവ ഇതുവഴി ലഭ്യമാക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ക്യൂ.ആര്‍ കോഡ്, എസ്.എം.എസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണ് ഇ-റുപ്പി. ഗുണഭോക്താക്കളുടെ മൊബൈള്‍ ഫോണില്‍ ലഭിക്കുന്ന ഇ- വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നേടാം. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗുണഭോക്താവിന് ഒരു കോഡ് ലഭിക്കും. ഈ കോഡ് നല്‍കുമ്പോൾ റിഡീം ആകുകയും പേയ്‌മെന്റ് പൂര്‍ത്തിയാവും.
11 പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇ-റുപ്പിയെ പിന്‍തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.