ദുബൈ: ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിലെ വാക്സിനെടുത്ത താമസ വിസക്കാർക്ക് ആഗസ്റ്റ് അഞ്ച് മുതൽ യു.എ.ഇയിൽ മടങ്ങിയെത്താം. അംഗീകൃത വാക്സിനെടുത്തവർക്കാണ് അനുമതി. ഐ.സി.എയുടെ അനുമതി തേടിയ ശേഷം വേണം യാത്ര ചെയ്യാനെന്നും യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച പൂർത്തീകരിച്ചവർക്കാണ് അനുമതി.
അതേസമയം, ചില കാറ്റഗറിയിൽപെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി) എന്നിവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്.
വിദ്യാർഥികൾ,മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് അനുമതി.