തിരുവനന്തപുരം : സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളിലേതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്.
ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും മുന്നിലാണ്. ഈ പ്രശ്നം ഇപ്പോള്‍ ഉയര്‍ത്തുന്നതിനു പിന്നിലെ കാരണം പരിശോധിക്കണം. പരാതിക്ക് ഇടനല്‍കാതെയാണ് സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ആര്‍ക്കൊക്കെ അര്‍ഹതയുണ്ടോ അവര്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലര്‍ക്ക് ആശങ്ക വരുന്നത് എന്തുകൊണ്ടെന്നറിയില്ല. അനാവശ്യമായ വിവാദത്തിന് ചിലര്‍ ശ്രമിക്കുന്നതില്‍ മറ്റുചില താല്‍പ്പര്യങ്ങളുണ്ട്.
നമ്മുടെ നാടിന്റെ തനിമ നിലനിര്‍ത്താനാണ് കൂട്ടായി ശ്രമിക്കേണ്ടത്. ന്യൂനപക്ഷ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം നിലനിര്‍ത്തുന്നതിനാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്നത്. കോടതിയില്‍ സര്‍ക്കാരിന് തട്ടോ തലോടലോ കിട്ടുമോ എന്നതല്ല പ്രശ്നം. നമുക്കുള്ള അധികാരം ലഭിക്കലാണ് പ്രധാനം.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷം എല്‍ഡിഎഫും യുഡിഎഫും അധികാരത്തില്‍ വന്നിട്ടുണ്ട്. മദ്രസാ ക്ഷേമനിധിയില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.