സൗദിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് അധ്യാപകര്‍ക്കും പ്രവേശനം

റിയാദ്: സൗദിയില്‍ പുതിയ അധ്യയന വര്‍ഷത്തോടെ സ്കൂളുകള്‍ തുറക്കാനുള്ള മന്ത്രാലയ തീരുമാനത്തിന്റ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലെ അധ്യാപകര്‍ക്കും നേരിട്ട് പ്രവേശനം നല്‍കിത്തുടങ്ങി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്വന്തം നാട്ടില്‍ കുടുങ്ങിയ വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കിയത്.

പുതിയ തീരുമാനപ്രകാരം വിദേശ അധ്യാപകര്‍ രാജ്യത്ത് എത്തിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയടക്കം യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് വരാനായി അതത് സ്കൂളുകള്‍ വഴി ഇതിനായി പ്രത്യേക അനുമതി തേടണം. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കും ഈ ഇളവ് ലഭ്യമാണ്.

ഇതുസംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള സര്‍ക്കുലര്‍ സ്കൂളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രവേശനം സാധ്യമാകൂ. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ കാംപയിന്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണ്.

ഇവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ, സൗദി പ്രവേശനത്തിനുള്ള അറൈവല്‍ രജിസ്ട്രേഷന്‍ മുഖീമില്‍ പൂര്‍ത്തീകരിക്കുകയും വേണം.

നേരത്തെ, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് പ്രവേശന അനുമതി ഉണ്ടായിരുന്നത്. ഈ ഗണത്തിലേക്കാണ് സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകളിലെ അധ്യാപകരെയും ഉള്‍പ്പെടുത്തിയത്.

spot_img

Related Articles

Latest news