ഇന്ത്യയുടെ തദ്ദേശ നിർമിത പ്രഥമ വിമാന വാഹിനിക്കപ്പൽ (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ) ഇന്നലെ രാവിലെ ഒൻപതര മണിയോടെയാണ് ജലത്തിലിറക്കിയത്. കൊച്ചി ഷിപ്യാഡിൽ നിർമാണം ഭൂരിഭാഗവും പൂർത്തിയാക്കിയ കപ്പൽ 6 ദിവസം പരീക്ഷണങ്ങൾക്കായി ഉൾക്കടലിൽ തുടരും.
തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പലാണിത്. രണ്ടു ഫുട്ബാൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് ഫ്ലൈറ്റ് ഡെക്കിന്. കാഴ്ചയിൽ ജലനിരപ്പിൽ ഒഴുകുന്ന ചെറു നഗരമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിൻറെ അഭിമാനമായി മാറും.
പൂർണമായും നാവിക സേനയുടെ മേൽനോട്ടത്തിൽ ഡിസൈൻ ചെയ്ത വിക്രാന്ത് സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കി അടുത്ത സ്വാതന്ത്ര്യ ദിനത്തിന് മുൻപ് കമ്മീഷൻ ചെയ്യാൻ ആകുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.