ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ താജ്മഹലിന്റെ സൗന്ദര്യം കൂട്ടാന്‍ ‘മണ്‍ചികിത്സ’ നടത്താന്‍ ഒരുങ്ങുന്നു. താജിന്റെ പ്രധാന താഴികക്കുടത്തിനാണ് സൗന്ദര്യ വര്‍ദ്ധക ചികിത്സ. ആറ് മാസത്തേക്കു മണ്ണില്‍ പൊതിയാനാണ് നിര്‍ദ്ദേശം.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒക്ടോബറില്‍ നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) അധികൃതര്‍ വ്യക്തമാക്കി. സ്മാരകത്തിലെ നാല് മിനാരങ്ങള്‍ നേരത്തെ മണ്ണ് പൊതിഞ്ഞിരുന്നു.
‘രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ മാര്‍ബിളിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. അതാണ് പ്രകൃതിദത്ത രീതികള്‍ പിന്തുടരുന്നത്. മണ്ണ് ഉപയോഗിച്ച ശേഷം പ്രിവന്റീവ് കോട്ടിങ്ങും നല്‍കും’ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജനല്‍ ഡയറക്ടറായ കെ.കെ. മുഹമ്മദ് പറഞ്ഞു.
മഴക്കാലം കഴിഞ്ഞ് നവീകരണം ആരംഭിക്കാനാണു പദ്ധതിയെന്നു എഎസ്ഐ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് എം.കെ. ഭട്നാഗര്‍ പറഞ്ഞു.