പ്രതിരോധത്തില്‍ കുഞ്ഞാലിക്കുട്ടി ; ഗുണ്ടാനേതാവിനെ സംരക്ഷിക്കുന്നതില്‍ പാണക്കാട് കുടുംബത്തിന് അമര്‍ഷം
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ശനിയാഴ്ച ചേരും. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. നില പരുങ്ങലിലാണെന്ന് മനസ്സിലാക്കിയ അഖിലേന്ത്യ ജനറല്‍ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനം പാതിവഴി ഉപേക്ഷിച്ച് വ്യാഴാഴ്ച അര്‍ധരാത്രി മലപ്പുറത്ത് മടങ്ങിയെത്തി.
മുഈന്‍ അലിയെ അനുകൂലിക്കുന്നവര്‍ കൂടുന്നതാണ് കുഞ്ഞാലിക്കുട്ടിയെ തളര്‍ത്തുന്നത്. പ്രതിരോധ നീക്കത്തിന്റെ ഭാഗമായി വിശ്വസ്തരായ നേതാക്കളുമായി അനൗപചാരിക ചര്‍ച്ചയും നടത്തി. തുടര്‍ന്നാണ് നേതൃയോഗം ചേരാന്‍ ധാരണയായത്.
ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനം സംഘടനാ വിരുദ്ധമാണെന്ന അഭിപ്രായമാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ക്കുള്ളത്. മുഈന്‍ അലിയുടെ വിമര്‍ശം കടുത്തുപോയെന്ന വികാരം കുഞ്ഞാലിക്കുട്ടി മുതിര്‍ന്ന നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. ‘തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണ് മുഈന്‍ അലിയുടെ’തെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിന്റെ വാക്കുകളില്‍ ഇത് വ്യക്തം.
മുഈന്‍ അലിയെ അസഭ്യം പറഞ്ഞ്, വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തിയ ഗുണ്ടാനേതാവിനെ സംരക്ഷിക്കുന്നതില്‍ പാണക്കാട് കുടുംബത്തിന് അമര്‍ഷമുണ്ട്. കുടുംബത്തെ തണുപ്പിക്കാനുള്ള നീക്കവും കുഞ്ഞാലിക്കുട്ടി പക്ഷം നടത്തുന്നുണ്ട്.
വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗം പി എം സാദിഖലി തങ്ങളെ കാണുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇരുവരും ഫോണില്‍ സംസാരിച്ചു. ‘‘പാണക്കാട് കുടുംബത്തിലെ ആരും സ്ഥലത്തില്ല. എല്ലാവരുമായി കൂടിയാലോചിച്ച ശേഷം പ്രതികരിക്കാം’’ –-സാദിഖലി പറഞ്ഞൊഴിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ശ്രമിച്ചെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളെ പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പരസ്യമായി തെറിവിളിച്ച റാഫി പുതിയകടവ് മുസ്ലിം ലീഗിന്റെ ക്രിമിനല്‍ സംഘത്തിലെ പ്രധാനി. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനാണ്. ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭം പുറത്തുവന്ന സമയത്തും കുഞ്ഞാലിക്കുട്ടിക്കായി അക്രമം അഴിച്ചുവിട്ടിരുന്നു.
2004ല്‍ ഇന്ത്യാവിഷന്‍ ചാനലും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലും പ്രതിയായിരുന്നു. ഭരണ സ്വാധീനമുപയോഗിച്ച് ലീഗ് നേതൃത്വം രക്ഷിച്ചു. കോഴിക്കോട്ടെ ലീഗ് ഹൗസിലെ പതിവുകാരനുമാണ്.
യൂത്ത് ലീഗ് ദേശീയ നേതാവ് കൂടിയായ മുഈന്‍ അലി തങ്ങളെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലിട്ട് തെറി പറഞ്ഞിട്ടും നേതൃത്വം റാഫിക്കെതിരെ നടപടിയെടുക്കാത്തത് നേതാക്കളുടെ വിശ്വസ്തനായതിനാലാണ്. പാര്‍ടി അംഗമല്ലാത്തതിനാല്‍ നടപടി സാധ്യമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രമുഖ നേതാക്കളടക്കം ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല. റാഫിയും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ മുഈന്‍ അലിയെ തെറി പറഞ്ഞതില്‍ തെറ്റില്ലെന്ന നിലപാട് റാഫി വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു.
ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങാതെ നിലപാടില്‍ ഉറച്ച് മുഈന്‍ അലി തങ്ങള്‍. വാര്‍ത്താസമ്മേളനത്തിനിടെ തെറിവിളിയും ഭീഷണിയുമുണ്ടായത് ഉലച്ചിട്ടുണ്ടെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞത് മാറ്റില്ലെന്ന നിലപാടിലാണ്. സാദിഖലി തങ്ങളടക്കം പാണക്കാട് കുടുംബത്തിലുള്ളവരെ ഇടപെടുവിച്ചാണ് സമ്മര്‍ദം.
പാര്‍ടി നേരിടുന്ന തകര്‍ച്ചക്കും, ഉപ്പ ഹൈദരലി ശിഹാബ് തങ്ങള്‍ രോഗിയായതിനും കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന അഭിപ്രായം ഉപേക്ഷിച്ചിട്ടില്ല. വിദേശത്ത് നിന്നടക്കം ഫോണിലൂടെ ഭീഷണിയുടെ പ്രവാഹമാണ്. വധഭീഷണിയുമുണ്ട്. ഇതേക്കുറിച്ചൊന്നും തല്‍ക്കാലം പരസ്യ പ്രതികരണത്തിനില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ് മുഈന്‍ അലി.
മുഈന്‍ അലി തങ്ങളെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ചുമതല ഏല്‍പ്പിച്ചുവെന്ന സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പുറത്ത്. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തിയുള്ള കത്ത് മാര്‍ച്ച് അഞ്ചിനാണ് നല്‍കിയിട്ടുള്ളത്. ചന്ദ്രിക വിഷയത്തില്‍ ഇടപെട്ടത് തെറ്റെന്ന് ചൂണ്ടിക്കാട്ടി മുഈന്‍ അലിക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് തിരിച്ചടിയാണിത്. വെള്ളിയാഴ്ച ചാനലുകളും കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടു.