ആഗസ്റ്റ് 19 ന് ന്യൂനമര്‍ദ്ദം രൂപപ്പെടും; കനത്ത മഴയ്ക്ക് സാധ്യത

കോഴിക്കോട്: കേരളത്തില്‍ ഒറ്റപ്പെട്ട മഴ ഏറിയും കുറഞ്ഞും ഏതാനും ദിവസം തുടരും. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഏറെ നേരം നീണ്ടു നില്‍ക്കാത്ത മഴയാകും അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കേണ്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം ഏതാനും ദിവസം കേരളത്തില്‍ മഴ നല്‍കാന്‍ സാധ്യതയുണ്ടെന്നും കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ പ്രളയത്തിന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് മധ്യ ഇന്ത്യയിലൂടെ സഞ്ചരിച്ച ന്യൂനമര്‍ദം നാളെ മുതല്‍ ദുര്‍ബലമാകും. അതോടെ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രളയത്തിന് ആശ്വാസമാകും. നിലവില്‍ വടക്കന്‍ മധ്യപ്രദേശിന്റെ മധ്യത്തിലാണ് ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നത്.

തെക്കു കിഴക്കന്‍ ബംഗ്ലാദേശിനു മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കാലവര്‍ഷം പടിഞ്ഞാറന്‍ തീരത്ത് സജീവമായി തുടരും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഏറെ നേരം നീണ്ടു നില്‍ക്കാതെ ദിവസം രണ്ടോ മൂന്നോ തവണ പെയ്യും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഈ കാലയളവില്‍ കൂടുതല്‍ മഴ സാധ്യത. മധ്യ കേരളത്തിലും തീരദേശത്തും കിഴക്കന്‍ മേഖലയിലും അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും.

മധ്യ കേരളത്തിലെ തൃശൂര്‍, എറണാകുളം, ഇടുക്കി, തെക്കന്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സാമാന രീതിയില്‍ മഴ പ്രതീക്ഷിക്കണം. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താരതമ്യേന മഴ കുറവാകും. ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം.

തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴിയും ആഗസ്റ്റ്
19 ന് ഒഡിഷ തീരത്ത് ന്യൂനമര്‍ദ സാധ്യതയും കണക്കിലെടുത്ത് 13 മുതല്‍ 22 വരെ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഓഗസ്റ്റ് 18 മുതല്‍ 22 വരെയാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.

ന്യൂനമര്‍ദം എവിടെ രൂപപ്പെടുന്നു, കാറ്റിന്റെ പാറ്റേണ്‍, അന്തരീക്ഷ നീരൊഴുക്കുകള്‍ തുടങ്ങിയ അടിസ്ഥാനപ്പെടുത്തിയേ എത്ര മഴ എവിടെയെല്ലാം ലഭിക്കുമെന്ന് അറിയാനാകൂ. ഇതിനായി അടുത്ത ദിവസങ്ങളിലെ അന്തരീക്ഷസ്ഥിതി കൂടി വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. സാധാരണ കര്‍ക്കടക മാസത്തില്‍ ലഭിക്കേണ്ട മഴ ഇതുവരെ കിട്ടിയിട്ടില്ല. കറുത്തവാവിനോട് അനുബന്ധിച്ച്‌ തിരിമുറിയാതെ മഴ ലഭിക്കേണ്ട സമയമാണിത്. വടക്കന്‍ ജില്ലകളിലെ മലയോര മേഖലയില്‍ ഒറ്റപ്പെട്ടതാണെങ്കിലും കനത്ത മഴ ഉണ്ടാകുന്നുണ്ട്.

ഞാറ്റുവേലയ്ക്കും വാവിനുമെല്ലാം മഴ ഒഴിഞ്ഞ് നില്‍ക്കുകയാണ്. സാധാരണ നിലയില്‍ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ കര്‍ക്കടക മഴ ദുര്‍ബലമായിട്ടുണ്ട്. ചിങ്ങത്തിലെ മഴയിലാണ് കര്‍ഷകരുടെ പ്രതീക്ഷ.

കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകും. ആഗസ്ത് 19 ന് ശേഷം കേരളത്തില്‍ പ്രളയ സാധ്യതയുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.

spot_img

Related Articles

Latest news