വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടേയെന്ന് ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. സര്‍ക്കാരുമായി ആലോചിച്ച് ഇതിനുള്ള സാധ്യത പരിശോധിക്കാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം ജസ്റ്റിസ് കെ.ഹരിപാല്‍ വാക്കാല്‍ ആരാഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാര്‍ട്ടി അനധികൃത പണം കടത്തിക്കൊണ്ടു വന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അനധികൃത പണക്കടത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്കും പങ്കുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പ്രതികളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പരാതിയില്‍ പറയുന്ന 25 ലക്ഷമല്ല കടത്തിക്കൊണ്ടു വന്നത്. മൂന്നരക്കോടി രൂപ കൊണ്ടുവന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതികളും പാര്‍ട്ടി നേതാക്കളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
ജാമ്യാപേക്ഷകള്‍ വിധി പറയാനായി മാറ്റി. സുജീഷ്, ദീപ്തി, അഭിജിത്, അരീഷ്, അബ്ദുല്‍ ഷാഹിദ്, അബ്ദുല്‍ ബഷീര്‍ എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.