സില്‍വര്‍ലൈനിന്‌ പാരിസ്ഥിതിക അനുമതി വേണ്ട

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006ലെ എന്‍വയോണ്‍മെന്റല്‍ ഇംപാക്‌ട് അസസ്മെന്റ് (ഇഐഎ) വിജ്ഞാപന പ്രകാരം റെയില്‍ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം കേരളത്തില്‍നിന്നുള്ള ലോക്സഭ അംഗങ്ങളായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി– വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഉത്തരം നല്‍കിയിരുന്നു. കേരളം സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടിയിട്ടില്ല എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണിത്.

വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോൾ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി എടുക്കേണ്ടതുണ്ടോ എന്നതായിരുന്നു അംഗങ്ങളുടെ ചോദ്യം.

2006ലെ ഇഐഎ വിജ്ഞാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ പദ്ധതിക്കും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിനും നവീകരണത്തിനും അത് നടപ്പാക്കുന്ന സ്വകാര്യ, കേന്ദ്ര/സംസ്ഥാന ഏജന്‍സികള്‍ പാരിസ്ഥിതിക അനുമതി മുന്‍കൂറായി തേടണം എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. റെയില്‍ പദ്ധതിയെന്നനിലയില്‍ സില്‍വര്‍ലൈന്‍ ഇഐഎ വിജ്ഞാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അത്തരമൊരു അനുമതിയുടെ ആവശ്യമില്ല എന്നത് മന്ത്രിയുടെ മറുപടിയില്‍ത്തന്നെ വ്യക്തമാണെന്നും കെ റെയില്‍ അധികൃതര്‍ അറിയിച്ചു.

spot_img

Related Articles

Latest news