ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരിച്ചുനൽകുന്നതിനുള്ള ബില്ലിനെ പ്രതിപക്ഷം പിന്തുണയ്ക്കും. ഇതൊഴിച്ച് പെഗാസസ് വിഷയത്തിലടക്കം യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ സര്‍ക്കാരിനെതിരെ നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും. സാമൂഹ്യനീതി മന്ത്രി വീരേന്ദ്ര കുമാര്‍ കാട്ടിക് ഇന്നലെ ബില്ല് സഭയിൽ അവതരിപ്പിച്ചിരുന്നു. ഭരണഘടന ഭേദഗതിക്ക് സഭയിൽ വോട്ടെടുപ്പ് വേണ്ടിവരും.
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടന പദവി നല്കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞിരുന്നു.
കാർഷിക വിഷയങ്ങളിലെ ചർച്ച ഇന്ന് രാജ്യസഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.