അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ. തുടർച്ചയായി 23 ദിവസമാണ് പെട്രോൾ- ഡീസൽ വിലകളിൽ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നത്. ജൂലായ് 17 -നാണ് അവസാനമായി വില പരിഷ്കരിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിലവാരമായ 77 ഡോളറിലെത്തിയപ്പോഴായിരുന്നു ഇത്. അതിനുശേഷം ഇത് 68 ഡോളറിനും 74 ഡോളറിനും ഇടയിൽ കയറിയിറങ്ങി പോകുകയാണ്.
ഗ്രീസിൽ പടർന്നുപിടിച്ചിരിക്കുന്ന കാട്ടുതീയുടെ പശ്ചാത്തലത്തിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെക്കുറിച്ച് യു.എൻ. സമിതിയുടെ മുന്നറിയിപ്പും ചൈന, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നതും തിങ്കളാഴ്ച അസംസ്കൃത എണ്ണവില നാലു ശതമാനത്തിനടുത്ത് കുറയാൻ കാരണമായിട്ടുണ്ട്.
തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ബാരലിന് രണ്ടു ഡോളറിലധികം കുറഞ്ഞ് 67.88 ഡോളറിലെത്തി. വിലയിൽ ബാരലിന് ഒമ്പതു ഡോളറിനടുത്താണ് കുറവുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപ മുതൽ രണ്ടു രൂപ വരെ കുറയേണ്ടതാണ്. കേന്ദ്രസർക്കാർ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ പെട്രോളിനും ഡീസലിനും ദിവസവും വില പുതുക്കുന്ന സമ്പ്രദായമാണ് രാജ്യത്തുള്ളത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ 15 ദിവസത്തെ ശരാശരി വിലയും ഡോളർ വിനിമയനിരക്കും കണക്കാക്കിയാണ് വിലനിർണയമെന്ന് എണ്ണക്കമ്പനികൾ പറയുന്നു.
ജൂലായിൽ ഇന്ത്യൻ ബാസ്കറ്റിലെ ശരാശരി അസംസ്കൃത എണ്ണ വില 73.54 ഡോളർ ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിത് 71.5 ഡോളറിലേക്ക് താഴ്ന്നു. അസംസ്കൃത എണ്ണവിലയിൽ ഒരു ഡോളറിന്റെ വ്യത്യാസമുണ്ടായാൽ പെട്രോൾ-ഡീസൽ വിലയിൽ ഇത് 45 മുതൽ 50 പൈസ വരെ മാറുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കഴിഞ്ഞ ആഴ്ച ആറു ശതമാനം വിലക്കുറവുണ്ടായപ്പോൾ രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ അവസരമുണ്ടായിരുന്നെങ്കിലും കമ്പനികൾ അതിനു തയ്യാറായില്ല. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇന്ധനവില കുറയ്ക്കാൻ നടപടിയുണ്ടാകണമെന്ന് റിസർവ് ബാങ്ക് പലവട്ടം പറഞ്ഞിട്ടും സർക്കാരും ഇക്കാര്യത്തിൽ നടപടിക്കു തയ്യാറല്ല.
മേയിൽ അസംസ്കൃത എണ്ണയുടെ വില ശരാശരി 66.95 ഡോളർ ആയിരുന്നു. ജൂണിലിത് 71.98 ഡോളറായും ജൂലായിൽ 73.54 ഡോളർ ആയും ഉയർന്നു. മേയ് ഒന്നിനു ശേഷം 41 ദിവസം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിട്ടുണ്ട്. 41 തവണയായി പെട്രോളിന് 11.44 രൂപയും ഡീസലിന് 9.14 രൂപയും കൂടി. ഇതിനിടയിൽ ജൂലായ് 12-ന് ഒരു ദിവസം ഡീസലിന് 15 മുതൽ 17 പൈസവരെ കുറച്ചു. എന്നാൽ, അന്ന് പെട്രോളിന് 35 പൈസ കൂട്ടുകയായിരുന്നു. 2020 ഏപ്രിലിനുശേഷം പെട്രോൾ വിലയിൽ ലിറ്ററിന് 32.25 രൂപയും ഡീസലിന് 27.58 രൂപയുമാണ്