സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാർഡുകളിൽ കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. പതിനഞ്ച് വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എട്ടിടത്ത് എൽഡിഎഫിനും ഏഴിടത്ത് യുഡിഎഫിനും വിജയം.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല് വാർഡിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വിദ്യ വിജയന്റെ ജയം 94 വോട്ടിനാണ്.
ഉപതിരഞ്ഞെടുപ്പ് നടന്ന സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി എസ്.രാധാകൃഷ്ണൻ വിജയിച്ചു. എൽഡിഎഫിന് 547 ലോട്ടും യുഡിഎഫിന് 435 (എം കെ മനോജ് ) വോട്ടുമാണ് ലഭിച്ചത്.
കോഴിക്കോട്വളയംഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലുനിര എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ കെ ടി ഷബിന 196 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫിന് 594 വോട്ടും യുഡിഎഫിന് 398 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചയാൾ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ വിജയിച്ചു. 321 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം. ആകെയുള്ള 20 സീറ്റിൽ എൽഡിഎഫിന് 11 സീറ്റായി.