തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തും ജയിച്ചു. എൽഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകൾ യുഡിഎഫ് സ്ഥാനാർഥികൾ പിടിച്ചെടുത്തു. എൽഡിഎഫ് യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ 20-ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ 323 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ വിജയം.
കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രൻ ആണ് ഇവിടെ വിജയിച്ചത്.
സുൽത്താൻബത്തേരി നഗരസഭയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാർഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി 96 വോട്ടിനാണ് വിജയിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ വലിയമല വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ വിദ്യാ ജയൻ 94 വോട്ടിനാണ് ജയിച്ചത്.
മലപ്പുറം തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സിപിഎം നിലനിർത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സിപിഎം സ്ഥാനാർഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂർ പത്താം വാർഡ് യുഡിഎഫ് നിലനിർത്തി.
വണ്ടൂർ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി ഒമ്പതാം വാർഡ് യുഡിഎഫ് നിലനിർത്തി.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ അഞ്ചാം വാർഡ് എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. കോൺഗ്രസ് സിറ്റിങ് സീറ്റാണിത്. നറുക്കെടുപ്പിൽ എൽഡിഎഫ് ജയിച്ചു. ഇരു സ്ഥാനാർഥികൾക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ആറ് വോട്ടും കിട്ടി.
മാറാടി പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥിയെ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
വീർപ്പാട് വാർഡിൽ വിജയം നേടിക്കൊണ്ട് കണ്ണൂർ ആറളം പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ഭരണത്തിലേറിയ എൽഡിഎഫിന് വീർപ്പാട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എൽഡിഎഫ് ജയിച്ചിരുന്നത്.
വേങ്ങൂർ പഞ്ചായത്തിലെ ചൂരത്തോട് വാർഡ് എൽഡിഎഫ് നിലനിർത്തി. 19 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി പി.വി.പീറ്റർ ജയിച്ചത്.
പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു. 205 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്.
കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാർഡ് എൽഡിഎഫ് നിലനിർത്തി.