ഒഞ്ചിയം: റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് പ്രസിഡണ്ടും, ഏറാമല ഗ്രാമപഞ്ചായത്ത് അംഗവുമായ ജി.രതീഷിന്റ വീടാക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
സമീപകാലത്ത് യാതൊരു സംഘര്‍ഷങ്ങളും നിലനില്‍ക്കാത്ത മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് വ്യക്തമായിട്ടും രണ്ടാഴ്ച പിന്നിട്ടിട്ടും കേസ് ശരിയായ ദിശയില്‍ അന്വേഷിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. നാടിന്റെ സമാധാനം തകര്‍ക്കാനിറങ്ങിയ ക്വട്ടേഷന്‍ സംഘത്തിന് സംരക്ഷണമൊരുക്കുന്ന നിലപാടാണ് പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
സ്വര്‍ണ്ണ കള്ളക്കടത്ത് മാഫിയ സംഘങ്ങളില്‍പ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും ആ നിലയില്‍ ശാസ്ത്രീയ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകാത്തത് ഇത്തരം ക്വട്ടേഷന്‍ സംഘത്തിന്റെ സംരക്ഷകരായി പോലീസ് മാറുന്നത് കൊണ്ടാണെന്നും, ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക്ക് വിദഗ്ദരും പരിശോധന നടത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് ഉന്നത രാഷ്ടീയ ഇടപെടലിന്റെ ഭാഗമാന്നെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ മറുവശത്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഇത്തരം സംഘങ്ങളുടെ രക്ഷിതാക്കളായി മാറുന്ന കാഴ്ചയ്ക്കാണ് നാം അനുദിനം സാക്ഷ്യം വഹിക്കുന്നതെന്നും, ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ ബഹുജനങ്ങളെ അണി നിരത്തി വരും ദിവസങ്ങളില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും, ഉപരോധമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.