ന്യൂ ദില്ലി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു.
എല്ലാ സ്വാതന്ത്ര്യ സമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കും. എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകൾ ഓർമ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന് പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചു.
രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു.
എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.