കാബൂൾ വിമാനത്താവളം അടച്ചു.

കാബൂൾ: കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി.

 

കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശവും നല്‍കിയിരുന്നു. കാബൂൾ-ഡൽഹി അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ കാബൂൾ വിമാനത്താവളം അടച്ചതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാർക്ക് തിരികെയെത്താനുള്ള മാർഗവും അടഞ്ഞു.

 

അതേസമയം രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും കാരണം കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും വാർത്തകളുണ്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.

 

തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്‌ക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

ഇന്നലെ രാവിലെയോടെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

 

ഇന്ന് അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

 

Mediawings:

spot_img

Related Articles

Latest news