കാബൂൾ വ്യോമപാത അടച്ചതിനെ തുടർന്ന് വിമാനസര്‍വീസുകള്‍ നിര്‍ത്തി; ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ അനിശ്ചിതത്വത്തില്‍

കാബൂള്‍:കാബൂളിലെ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. താലിബാന്‍ അഫ്ഗാന്റെ അധികാരം കൈയടക്കിയ സാഹചര്യത്തിലാണ് കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെയും പ്രതിനിധികളെയും രക്ഷപ്പെടുത്താന്‍ എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ട് ചെയ്തത്. എന്നാല്‍ പറയുന്നുയരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കാനായിരുന്നു പദ്ധതി. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനം അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കിയതായിരുന്നു. തുടർന്നാണ് ഉച്ചക്ക് 12.30ന് വിമാനം ചാർട്ട് ചെയ്തത്. എന്നാൽ വ്യോമപാത അടച്ചതിനെത്തുടർന്ന് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഈ അവസ്ഥയിൽ ഇതേ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതും അതിനാൽ തന്നെ നടക്കില്ല. ഇതാണ് എയർ ഇന്ത്യയുടെ യാത്രയെ അനിസ്ചിതാവസ്ഥയിലാക്കിയത്.

അടിയന്തര യാത്രക്കായി വിമാനങ്ങള്‍ പറത്താന്‍ തയ്യാറായിരിക്കണമെന്ന് എയര്‍ ഇന്ത്യക്ക് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് വിമാനങ്ങള്‍ക്കാണ് തയ്യാറായിരിക്കാന്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്.

ഇതില്‍ 129 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയുംപെട്ടെന്ന് അഫ്ഗാന്‍ വിടാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പുനല്‍കിയിരുന്നു.

അടിയന്തര സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെയും പ്രതിനിധികളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യന്‍ വിമാനങ്ങള്‍ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

‘അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാതെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news