കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതു, പെരുമ്പടവം ശ്രീധരൻ എന്നിവർക്കാണ്. 50,000 രൂപയും രണ്ട് പവന്റെ സ്വർണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹൽ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്കാരം ലഭിച്ചു. കഥാവിഭാഗത്തില്‍ ആര്‍ ഉണ്ണി (കഥ: വാങ്ക് ) പുരസ്‌കാരത്തിന് അർഹനായി.

പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാവിവരണത്തിന് വിധു വിൻസെന്റും പുരസ്കാരത്തിന് അർ​​ഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്കാരം.

സാഹിത്യ വിമർശനത്തിന് ഡോ. പി സോമന്റെ വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന,  ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ കെ രഘുനാഥിന്റെ മുക്തകണ്ഠം വികെഎൻ , വിവർത്തനത്തിന് അനിത തമ്പിയുടെ റാമല്ല ഞാൻ കണ്ടു , നാടകത്തിന് ശ്രീജിത്ത് പൊയില്‍ക്കാവിന്റെ ദ്വയം , വൈജ്ഞാനികസാഹിത്യത്തിന് ഡോ. ടികെ ആനന്ദി എന്നിവർക്കും പുരസ്കാരം ലഭിച്ചു.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച 60 വയസ് പിന്നിട്ട കെ കെ കൊച്ച്, മാമ്പുള കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എം എ റഹ്‌മാൻ എന്നിവരെ സമഗ്ര സംഭാവന പുരസ്കാരത്തിലൂടെ ആദരിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.

കൂടാതെ പ്രൊഫ. പി നാരായണമേനോൻ, പ്രൊഫ. ജെ പ്രഭാഷ്, ടി ടി ശ്രീകുമാർ, ഡോ. ബി ശിശുപാലപണിക്കർ, ചിത്തിര കുസുമൻ, കെ എൻ പ്രശാന്ത്, കേശവൻ വെളുത്താട്ട്, ബി വിജയകുമാർ, എം വി നാരായണൻ, ഗീതു എസ് എസ് എന്നിവർ വിവിധ എൻഡോവ്മെന്റുകൾക്കും അർഹരായിട്ടുണ്ട്.

spot_img

Related Articles

Latest news