ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കണ്ണൂർ ഷോപ്പേ ഓണാഘോഷത്തിന് തുടക്കമായി. പിണറായി കൺവൻഷൻ സെന്ററിൽ ആരംഭിച്ച ഓൺലൈൻ ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വലിയതോതിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ കേരളത്തിനകത്ത് ഉണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമാർജനം. ഒന്നിനും വഴി ഇല്ലാതെ നിസ്സഹരായി ജീവിച്ചു പോവുന്ന ആളുകളെ ഇതിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ഇനി ലക്ഷ്യം. നമ്മുടെ സമൂഹത്തിൽ ഒരു നിശ്ചിത കാലം കഴിഞ്ഞാൽ പരമ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകൾ ഉണ്ടാവില്ല എന്ന നിലയിലേക്ക് സമൂഹത്തെ പരിവർത്തിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. കളക്ടർ ടി വി സുഭാഷ്, മുൻ എം പി കെ കെ രാഗേഷ്, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. 23വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ ഓൺലൈനായാണ് പരിപാടി. കണ്ണൂർ വിഷൻ ചാനലിൽ ലൈവായും കാണാം.
പരിപാടിയുടെ ആദ്യ ദിനം ക്ലാസിക്കൽ ഡാൻസ്, പഞ്ചവാദ്യം, നാടൻ പാട്ടുകൾ, മാജിക് നൈറ്റ്, വനിതാ കോൽക്കളി എന്നിവ അരങ്ങേറി. വെള്ളിയാഴ്ച സൂര്യഗീതം, വരനടനം, ഭരതനടനം, ആർട്ട് ഓഫ് മാജിക്, ഓട്ടൻ തുള്ളൽ എന്നിവയും ശനിയാഴ്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ട്രിപ്പിൾ തായമ്പക, ബാബുരാജ് സ്മൃതിസന്ധ്യ, ക്ലാസിക്കൽ ഡാൻസ്, വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.
22ന് ഷഹബാസ് പാടുന്നു, ക്ലാസിക്കൽ ഡാൻസ്, നേർക്കാഴ്ച- ലഘുനാടകം, സമാപന ദിവസം ഗസൽ, ക്ലാസിക്കൽ ഡാൻസ്, വിസ്മയം, ഒപ്പന- മെഹന്ദി, കോമഡി ഷോ, നാടൻ പാട്ടുകൾ എന്നീ പരിപാടികളും നടക്കും. നർത്തകിമാരായ നീലമന സിസ്റ്റേഴ്‌സ്, ഗസൽ ഗായകരായ ഷഹബാസ് അമൻ, ജിതേഷ് സുന്ദരം, ഭജൻ ഗായിക സൂര്യ ഗായത്രി, പിന്നണി ഗായകനായ രതീഷ്‌കുമാർ പല്ലവി, മിമിക്രി ചലച്ചിത്ര താരമായ ശിവദാസ് മട്ടന്നൂർ തുടങ്ങിയവരും ജില്ലയിലെ കലാകാരന്മാരും പരിപാടിയുടെ ഭാഗമാവും.
Mediawings: