കണ്ണൂര്‍ : തിരുവോണ നാളില്‍ പട്ടിണിസമരവുമായി റേഷന്‍ വ്യപാരികള്‍.സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കടയുടമകള്‍ക്ക് നല്കുവാനുള്ള കഴിഞ്ഞ 11 മാസത്തെ കുടിശ്ശികയായ 50 കോടിയില്‍ പരം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വിതരണ ജീവനക്കാരുടെ ട്രേഡ് യൂണിയന് സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് യൂനിയന്‍ സി ഐ ടി യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ സെക്രട്ടറിയേറ്റ് പടിക്കലും 13 ജില്ലാ കേന്ദ്രങ്ങളിലും പട്ടിണി സമരം നടത്തി.
കണ്ണൂര്‍ കലക്ടറേറ്റിന് മുന്പില് നടന്ന പട്ടിണി സമരം സി ഐ ടി യു ജില്ല പ്രസിഡന്റും മുന്‍ പയ്യന്നൂര്‍ എം എല്‍ എ യുമായ സി കൃഷ്ണന് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ജനങ്ങളുടെ കൈകളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ കൃത്യതയോടെ എത്തിച്ച തങ്ങളുടെ കൈകളിലേക്ക് കൈകാര്യ ചെലവ് ലഭിക്കുന്നതിനായി പട്ടിണി കിടക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും തൊഴിലാളികളുടെ കൂലിയിനത്തില്‍ നല്‍കേണ്ട തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണമെന്നും ഇനിയും ഈ കാര്യത്തില്‍ കാലതാമസം പാടില്ലെന്നും സി കൃഷ്ണന് പറഞ്ഞു.
കെ ആര് ഇ യു ജില്ല വൈസ് പ്രസിഡന്റ് എം പി ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി വി തമ്ബാന്‍, ഷൈജ , ഷൈലേഷ്, സുധീഷ് ആറളം, ബേബി സുരേഷ്, പ്രവീണ്‍, ശിവന് മാടായി വിനോദ് രാമന്തളി എന്നിവര്‍ സംസാരിച്ചു.
Mediawings: