ഇടുക്കി: വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . പടവുകൾ , മംഗല്യ , അഭയ കിരണം, സഹായ ഹസ്‌തം , വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യഭ്യാസ ധനസഹായം എന്നീ പദ്ധതികൾക്കാണ് അപേക്ഷ സ്വീകരിക്കുന്നത് . ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത് .
1 പടവുകൾ
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകൾ പദ്ധതിയിലൂടെ സർക്കാർ ധനസഹായം .പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് ( MBBS , ENGINEERING , BDS , BHMS , Bsc NURSING etc ) ട്യൂഷൻ ഫീസ് , മെസ് ഫീസ് , ഹോസ്റ്റൽ ഫീസ് എന്നിവയാണ് ലഭിക്കുക .
മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി സർവകലാശാലകളുടെ അംഗീകാരമുള്ള മെഡിക്കൽ , എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവരായിരിക്കണം . കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത് .
2 മംഗല്യ
വനിതാശിശു വികസന വകുപ്പ് സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും പുനർവിവാഹത്തിന് 25000 /- രൂപ ധനസഹായം നൽകുന്നു . പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നൽകണം.
18 നും 50 നും മദ്ധ്യേ പ്രായമായ വിധവകളുടെ പുനർവിവാഹത്തിനാണ് സഹായം ലഭിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളായ പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് , ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് , വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ് , ബാങ്ക് പാസ്സ്‌ബുക്കിന്റെ ആദ്യപേജ് , റേഷൻകാർഡ് എന്നിവ ആവശ്യമാണ് .
3 അഭയ കിരണം
സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്ത അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 /- രൂപ ധനസഹായം നല്കുന്നു.
വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം . സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപറ്റുന്നവർ ആവരുത് .വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത് . പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല
4 സഹായ ഹസ്‌തം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒറ്റതവണയായി നൽകുന്ന ധനസഹായം . ഗ്രാന്റ് ആയി 30000 /- രൂപ അനുവദിക്കും. ഒറ്റക്കോ ഗ്രൂപ്പ് ആയോ സംരഭം നടത്താം .
ഭിന്നശേഷിക്കാരായ മക്കളുള്ളവർ , പെൺകുട്ടികൾ മാത്രം ഉള്ളവർ, പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവർ എന്നിവർക്ക് മുന്ഗണന ലഭിക്കും . ഒരു ജില്ലയിൽ നിന്നും 10 പേർക്കാണ് പദ്ധതി വഴി സഹായം ലഭിക്കുക
5 വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
ബി. പി . എൽ വിഭാഗക്കാരായ വിവാഹ മോചിതരായ വനിതകൾ , ഭർത്താവ് ഉപേക്ഷിച്ച വനിതകൾ , ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് /പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്തവർ , നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾ, എ .ആർ .ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന H I V ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം .
ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്കാണ് സഹായം ലഭിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്തവർ ആയിരിക്കണം
അപേക്ഷിക്കേണ്ട വിധം
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പൊതുജന പദ്ധതികൾ – അപേക്ഷ പോർട്ടൽ എന്ന വെബ്‌പേജിൽ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക . പൊതുജന പദ്ധതികൾ – അപേക്ഷ പോർട്ടൽ എന്ന വെബ് പേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കിയുള്ള പേജ് തുറന്നുവരും . അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ചു ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക് 9400089619 എന്ന നമ്പറിൽ വിളിക്കുക