തിരുവനന്തപുരം:പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച -പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡ് കാലത്ത് നാട്ടിലെത്തിയത്. തൊഴിൽനഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് ആരംഭിച്ച ഘട്ടംമുതൽ നോർക്ക കോവിഡ് റെസ്പോൺസ് സെൽ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിച്ചു.
തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാൻ സാധിക്കാത്തവർക്കായി അടിയന്തര ധനസഹായം നൽകാൻ 64.3 കോടി രൂപ വിനിയോഗിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പതു കോടി രൂപ വകയിരുത്തി. വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. പ്രവാസികൾ പദ്ധതി ശരിയായി ഉപയോഗപ്പെടുത്തണം. കോവിഡിന്റെ ഒന്നാംഘട്ടത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. ഇപ്പോൾ തിരികെ തൊഴിലിടങ്ങളിൽ എത്തിക്കുക എന്നതും. കേരളത്തിൽ പ്രവാസികളെ മുൻഗണനാ വിഭാഗമാക്കി വാക്സിൻ നൽകുന്നുണ്ടെങ്കിലും കോവാക്സിൻ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വിദേശത്ത് ക്വാറന്റൈൻ ഒഴിവാക്കുന്നുണ്ടെങ്കിലും നടപടിക്രമം സങ്കീർണമാണ്. ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി എം വി ഗോവിന്ദൻ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Mediawings: