ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ – റിഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി.
ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-റിഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്.
പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത – സഹസ്ര ധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി.
പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.