മൈസൂരുവില്‍ എം ബി എ വിദ്യാര്‍ഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ചുപേരെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നാലു എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ കര്‍ണാടക സ്വദേശിയുമെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി കുന്നിന്റെ താഴ്വരയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ സംശയം ഇവരിലേക്കെത്തിയത്. സംഭവ സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്നതിനുശേഷം ഇവര്‍ കോളജില്‍ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍നിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവന്‍ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം യുവാവിന്റെ ഫോണില്‍നിന്നും പിതാവിനെ വിളിച്ച് പ്രതികള്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. എ ഡി ജി പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡി എന്‍ എ സാംപിളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ഡി ജി പി പ്രവീണ്‍ സൂദിനോട് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.