ഡൽഹി : ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന ഫിറോസ് ഷാ കോട്ല ജമാ മസ്ജിദിൽ നമസ്കാരത്തിന് വിലക്കെന്ന് റിപ്പോർട്ട്. ജുമുഅ നമസ്ക്കാരം നിർവഹിക്കാനായി പള്ളിയിൽ എത്തിയവരെ സുരക്ഷാജീവനക്കാർ അനുവാദം ഇല്ലെന്ന് പറഞ്ഞ് തടഞ്ഞു നിർത്തിയിരുന്നു. വിലക്കിനെതിരെ ജനപ്രതിനിധികളും വിശ്വാസികളും പ്രതിഷേധവുമായി എത്തി.
സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് 14ാം നൂറ്റാണ്ടിൽ പണിത ഫിറോസാബാദിലെ ജമാ മസ്ജിദിലാണ് നമസ്കാരം തടഞ്ഞിരിക്കുന്നത്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരം പൂർണമായും നിരോധിച്ചായിരുന്നു വിലക്കുകളുടെ തുടക്കം. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടക്കത്തിൽ എത്തിയതോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിച്ചു.
സന്ധ്യാ സമയത്തെ മഗ്രിബ് നമസ്കാരവും പിന്നീട് വിലക്കി. അവശേഷിക്കുന്ന ഉച്ച, മധ്യാഹ്ന നമസ്കാരങ്ങൾക്ക് വിനോദസഞ്ചാരികൾക്കുള്ള ഓൺലൈൻ ടിക്കറ്റെടുക്കണമെന്ന് പറഞ്ഞ് ആ നമസ്കാരവും മുടക്കി. ഇതോടെ വര്ഷങ്ങളായി ഇവിടെ ആരാധനകർമങ്ങൾ നിര്വഹിച്ചിരുന്നവർക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ പറ്റാതായി.
വിലക്കുകളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡൽഹി വഖഫ് ബോർഡ് ചെയർമാനും ഓഖ്ല എം.എൽ.എ കൂടിയായ അമാനതുള്ള ഖാന്റെ നേതൃത്വത്തിൽ വിലക്ക് ലംഘിച്ച് നമസ്ക്കാരം നിർവഹിച്ചു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് നമസ്കാരംതടഞ്ഞതെന്ന് കുറ്റപ്പെടുത്തിയ അമാനതുല്ലാ ഖാൻ അത് അവസാനിപ്പിക്കാനാണ് നമസ്കാരത്തിനെത്തിയതെന്നും പറഞ്ഞു.